ലണ്ടൻ: ബ്രിട്ടനിൽ നഴ്സിങ് കെയർ മേഖലയിൽ കെയറർ വീസയിൽ എത്തിയവർ അഭിമുഖീകരിക്കുന്ന ദുരിതവും ജോലി നേടാനായി ഇവർ നൽകിയ ലക്ഷങ്ങളുടെ കണക്കും പുറത്തുകൊണ്ടുവന്നിരിക്കുകയാണ് ഗാർഡിയൻ പത്രത്തിന്റെ സർവേ റിപ്പോർട്ട്. ആയിരക്കണക്കിന് മലയാളികൾ അനുഭവിക്കുന്ന ദുരനുഭവങ്ങളുടെ നേർകാഴ്ച തന്നെയാണ് ഈ റിപ്പോർട്ട്.
സർവേയിൽ പങ്കെടുത്ത പലരും 20,000 പൗണ്ട് വരെ നൽകിയാണ് കെയറർ വീസ സംഘടിപ്പിച്ചത്. നൈജീരിയ, സിംബാവേ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ഇന്ത്യ, പാക്കിസ്ഥാൻ, ഫിലിപ്പീൻസ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽനിന്നും ഉള്ളവരാണ് അയ്യായിരവും പതിനായിരവും ഇരുപതിനായിരവും വരെ പൗണ്ട് മുടക്കി ബ്രിട്ടനിൽ കെയറർമാരായി എത്തിയവരിൽ കുടുതലും. ഏകദേശം 20 ലക്ഷത്തോളം വരും ഈ തുക.
ഇത്തരത്തിലെത്തുന്നവർക്ക് ലഭിക്കുന്നത് നിലവാരമില്ലാത്ത താമസസൗകര്യമാണ്. നല്ലൊരു ശതമാനവും താമസിക്കുന്നത് തൊഴിലുടമ നൽകിയ താമസ സ്ഥലങ്ങളിലാണ്. മറ്റുള്ളവരുമായി കിടപ്പുമുറി പങ്കിടേണ്ടി വരുന്നവരാണ് ഇവരിൽ നല്ലൊരു ശതമാനവും.
ഒരു ഫ്ലാറ്റിൽ പതിനഞ്ചോളം പേർ വരെ താമസിക്കുന്ന സ്ഥലങ്ങൾ വരെയുണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. പങ്കുവെച്ച് താമസിക്കുന്ന റൂമിന്റെ പോലും വാടക നൽകാൻ ബുദ്ധിമുട്ടുന്നവരാണ് കെയർ വർക്കർമാരിൽ കുടുതലും എന്ന കാര്യവും സർവേയിൽ പങ്കെടുത്തവർ വെളിപ്പെടുത്തുന്നുണ്ട്.