പത്തനംതിട്ട: പത്തനംതിട്ടയിൽ വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് 2 പേർ മരിച്ചു. പന്തളം കൂരമ്പാല തോട്ടുകര പാലത്തിന് സമീപത്താണ് അപകടം ഉണ്ടായത്. കൂരമ്പാല അരുണോദയത്തിൽ ചന്ദ്രശേഖരൻ (65), പി ജി ഗോപാലപിള്ള (62) എന്നിവരാണ് മരിച്ചത്.(2 people died in Pathanamthitta due to electric shock)
ഇന്ന് രാവിലെ ഏഴ് മണിക്ക് ശേഷമാണ് സംഭവമുണ്ടായത്. ഇവർ ഇരുവരും ചേർന്ന് കൃഷി ചെയ്യുന്നവരാണ്. വാഴയും കപ്പയുമുൾപ്പെടെ വിവിധ കൃഷികളുണ്ട്. പാടശേഖരത്തിൽ പന്നി കയറാതിരിക്കാൻ വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. ഈ വൈദ്യുതി ലൈനിൽ നിന്നാണ് ഷോക്കേറ്റത്.
ആദ്യം ഒരാൾക്ക് ഷോക്കേറ്റു. അത് കണ്ട് നിന്ന അടുത്തയാൾ രക്ഷപ്പെടുത്താൻ ശ്രമിച്ചു. തുടർന്നാണ് ഇദ്ദേഹത്തിനും ഷോക്കേറ്റത്. ഒരാൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അടുത്തയാൾ ആശുപത്രിയിലെക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.