ഉത്തർപ്രദേശിലെ കാൺപുർ ജില്ലയിലുള്ള കൊട്ട്വാലി ഗ്രാമത്തിൽ കൂട്ടബലാത്സംഗത്തിന് ഇരയായ, പ്രായപൂർത്തിയാകാത്തെ പെൺകുട്ടികളെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. 14-ഉം 16-ഉം വയസ്സുള്ള കുട്ടികളുടെ മൃതദേഹം ബുധനാഴ്ച രാത്രിയോടെയാണ് കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ടോടെ കളിക്കാനായി കുട്ടികൾ പാടത്തേക്ക് പോയിരുന്നു. ഇരുവരും തിരിച്ചുവരാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് പാടത്തിനുസമീപത്തെ മരത്തിൽ മൃതദേഹങ്ങൾ കണ്ടത്.
പ്രദേശത്തെ ഒരു കരാറുകാരന്റെ മകനും മരുമകനും ചേർന്ന് നിർബന്ധിച്ച് കുട്ടികളെ മദ്യം കുടിപ്പിച്ചശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. പീഡനത്തിന്റെ വീഡിയോ പ്രതികൾ ഫോണിൽ ചിത്രീകിച്ചിരുന്നു. പിന്നീട് ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന ഭീഷണിയും ഉണ്ടായി. ഇതാണ് കുട്ടികളെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന്റെ വീഡിയോയും ചിത്രങ്ങളും പ്രതികളുടെ ഫോണിൽനിന്ന് കണ്ടെടുത്തിട്ടുണ്ടെന്നും ഇവ പരിശോധിക്കുകയാണെന്നും അധികൃതർ അറിയിച്ചു.കേസുമായി ബന്ധപ്പെട്ട് കുട്ടികളുടെ അകന്ന ബന്ധുക്കളായ മൂന്നുപേരെ അറസ്റ്റുചെയ്തു. കൂട്ടബലാത്സംഗം, ആത്മഹത്യാപ്രേരണ കുറ്റം, പോക്‌സോ വകുപ്പുകൾ എന്നിവ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
കരാറുകാരനായ നിഷാദ് നടത്തുന്ന ഇഷ്ടികചൂളയിലായിരുന്നു രണ്ടുകുട്ടികളും ഇവരുടെ കുടുംബവും ജോലിചെയ്തിരുന്നത്. ജോലിസ്ഥലത്തുനിന്ന് ഏകദേശം 400 മീറ്റർ അകലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് അഡീഷണൽ പോലീസ് കമ്മീഷണർ ഹരിഷ് ഛന്ദേർ പറഞ്ഞു.
Read Also : വസ്ത്ര വ്യാപാര സ്ഥാപനത്തിൽ യുവതി തൂങ്ങി മരിച്ച നിലയിൽ