കാസർകോട് 16 കാരി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത നിലയിൽ; കണ്ടെത്തിയത് കിടപ്പുമുറിയിൽ
കാസർകോട് ബന്തടുക്കയിൽ 16 കാരിയായ വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മരിച്ച ദേവിക, പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.
കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ ദേവികയെ ഇന്ന് രാവിലെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബന്തടുക്ക ഗ്രാമീണ ബാങ്കിനു സമീപം ഹോട്ടൽ നടത്തുന്ന ഉന്തത്തടുക്കയിലെ സവിതയുടെ മകളാണ് മരിച്ച ദേവിക. ബാലസംഘം ബന്തടുക്ക വില്ലേജ് പ്രസിഡന്റായിരുന്നു അവൾ.
സംഭവ വിവരം ലഭിച്ചതോടെ ബേഡകം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു. ആത്മഹത്യയ്‌ക്കു പിന്നിലെ കാരണങ്ങൾ സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
ഓർമ്മിപ്പിക്കുന്നു: ആത്മഹത്യ ഒരിക്കലും പ്രശ്നങ്ങൾക്ക് പരിഹാരമല്ല. ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ സഹായം തേടുക.
തിരുവനന്തപുരം ജില്ലാ ജയിലിൽ ക്രൂരമർദനം
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ജയിലിനുള്ളിൽ റിമാൻഡ് തടവുകാരനെ ജയിൽ ഉദ്യോഗസ്ഥർ ക്രൂരമായി മർദിച്ചതായി പരാതി. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ മുൻ ജീവനക്കാരനായ തടവുകാരൻ ബിജുവിനാണ് മർദനമേറ്റത്.
അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലാണ് ബിജു. നിലവിൽ വെന്റിലേറ്റർ സഹായത്തോടെയാണ് ബിജുവിന്റെ ജീവൻ നിലനിർത്തുന്നത്.
സഹപ്രവർത്തകയെ ഉപദ്രവിച്ചെന്ന കേസിലാണ് പത്തനംതിട്ട സ്വദേശി ബിജുവിനെ അറസ്റ്റിലായത്. ഇക്കഴിഞ്ഞ 12-ാം തീയതിയാണ് താൽക്കാലിക ജീവനക്കാരനായിരുന്ന ബിജുവിനെ പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്‌ത് റിമാൻഡ് ചെയ്‌തത്.
റിമാൻഡ് ചെയ്യുന്ന സമയത്ത് ബിജു ചില മാനസിക പ്രശ്‌നങ്ങൾ കാട്ടിയിരുന്നു. അതിനാൽ തന്നെ ഇയാൾക്ക് ചികിത്സ നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.
പിന്നീട് 13-ാം തീയതി വൈകിട്ടാണ് ജില്ലാ ജയിലിലെ ഓടയിൽ ഇയാളെ അബോധാവസ്ഥയിൽ കണ്ടെന്ന പേരിൽ ജയിൽ ഉദ്യോഗസ്ഥർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തുടർന്ന് സ്‌കാൻ ചെയ്‌ത് നോക്കിയപ്പോൾ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റതായി കണ്ടെത്തി.
എന്നാൽ, മർദന ആരോപണം ജയിൽ ഉദ്യോഗസ്ഥർ നിഷേധിച്ചു. 12-ാം തീയതി തന്നെ കോടതി നിർദേശപ്രകാരം ജനറൽ ആശുപത്രിയിലെത്തിച്ചു.
പിറ്റേദിവസം മെഡിക്കൽ കോളേജിലെത്തിച്ച് സ്‌കാൻ ചെയ്‌തപ്പോഴാണ് ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതായി കണ്ടെത്തിയത്.
എന്നാൽ ജയിൽ ഉദ്യോഗസ്ഥരാരും മർദിച്ചിട്ടില്ല. ബിജു ജയിലിലുണ്ടായിരുന്നപ്പോഴുള്ള എല്ലാ സിസിടിവി ദൃശ്യങ്ങളുമുണ്ട്.
മാനസിക പ്രശ്‌നമുള്ള പ്രതി ഡോക്‌ടർമാരോട് എന്താണ് പറഞ്ഞതെന്ന് അറിയില്ലെന്നും ജയിൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി.