‘ടോക്സിക് ഷോക്ക് സിൻഡ്രോം’ ബാധിച്ച് 16 വയസ്സുകാരി ഗുരുതരാവസ്ഥയിൽ
ഡ്രോഗെഡ ∙ അയർലൻഡിലെ ഡ്രോഗെഡയിൽ ആർത്തവകാലത്ത് ടാംപൂൺ ഉപയോഗിച്ചതിനെ തുടർന്ന് ടോക്സിക് ഷോക്ക് സിൻഡ്രോം (Toxic Shock Syndrome – TSS) ബാധിച്ച് 16 വയസ്സുകാരിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജീവൻ അപകടത്തിലാകാൻ വരെ സാധ്യതയുള്ള ഈ അപൂർവ രോഗാവസ്ഥയാണ് കുട്ടിയിൽ കണ്ടെത്തിയത്.
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് നാല് ദിവസം മുൻപുതന്നെ കുട്ടിക്ക് ഓക്കാനം, ഛർദ്ദി തുടങ്ങിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു.
എന്നാൽ പിന്നീട് ആരോഗ്യനില പെട്ടെന്ന് വഷളായി. രക്തസമ്മർദ്ദം അതീവമായി കുറഞ്ഞു, ഹൃദയമിടിപ്പ് അസാധാരണമായി വർധിച്ചു.
കൂടാതെ ജനനേന്ദ്രിയ ഭാഗത്ത് വേദനയും തടിപ്പും അനുഭവപ്പെട്ടു. ഈ ലക്ഷണങ്ങൾ രൂക്ഷമായതോടെയാണ് കുട്ടിയെ അടിയന്തരമായി ആശുപത്രിയിലെ എമർജൻസി വിഭാഗത്തിൽ എത്തിച്ചത്.
പരിശോധനയിൽ, രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് ഏകദേശം 18 മണിക്കൂർ മുൻപ് കുട്ടി ടാംപൂൺ ഉപയോഗിച്ചിരുന്നുവെന്ന് കണ്ടെത്തി.
തുടർന്ന് നടത്തിയ പരിശോധനകളിൽ ജനനേന്ദ്രിയത്തിൽ നിന്ന് പച്ച നിറത്തിലുള്ള ഡിസ്ചാർജ്, ഉയർന്ന പനി, തൊണ്ടയിൽ വീക്കം എന്നിവയും രേഖപ്പെടുത്തി. രക്തപരിശോധനയിൽ ശരീരത്തിൽ Staphylococcus aureus എന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് ടോക്സിക് ഷോക്ക് സിൻഡ്രോം സ്ഥിരീകരിച്ചത്.
അപകടകരമായ അവസ്ഥ തിരിച്ചറിഞ്ഞ ഡോക്ടർമാർ ഉടൻതന്നെ ശക്തമായ ചികിത്സ ആരംഭിച്ചു. കുട്ടിയെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് (ICU) മാറ്റുകയും അവിടെ ആറ് ദിവസം നിരീക്ഷണത്തിൽ പാർപ്പിക്കുകയും ചെയ്തു.
തുടർന്ന് ഒൻപത് ദിവസം നീണ്ടുനിന്ന ഐവി ആൻറിബയോട്ടിക് ചികിത്സയ്ക്ക് ശേഷമാണ് കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടത്.
ദീർഘസമയം ടാംപൂൺ മാറ്റാതെ ഉപയോഗിച്ചതാണ് രോഗം ബാധിക്കാൻ കാരണമായതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ ഈ അവസ്ഥ മരണത്തിലേക്കും നയിക്കാമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി.
കണക്കുകൾ പ്രകാരം, ടാംപൂൺ ഉപയോഗിക്കുന്ന ഓരോ 100,000 പേരിലും ഏകദേശം മൂന്ന് പേർക്കാണ് ടോക്സിക് ഷോക്ക് സിൻഡ്രോം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
പ്രത്യേകിച്ച് 15 മുതൽ 25 വയസ്സ് വരെയുള്ള യുവതികളിലാണ് രോഗം കൂടുതലായി കണ്ടെത്തുന്നത്.
ടാംപൂൺ ഉപയോഗിക്കുമ്പോൾ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും, ദീർഘസമയം ഒരേ ടാംപൂൺ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ഡോക്ടർമാർ ഉപദേശിച്ചു.









