പത്തനംതിട്ട: മാരാമൺ കൺവെൻഷന് ഇന്ന് തുടക്കം. ഇന്ന് ഉച്ചയ്ക്ക് 2.30ന് ഡോ തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത ഉദ്ഘാടനം നിർവഹിക്കും. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ ഐസക് മാർ പീലക്സിനോസ് അധ്യക്ഷനായിരിക്കും.130-ാമത് കൺവെൻഷനാണ് പമ്പ മാരാമൺ മണൽപ്പുറത്ത് നടക്കുക.
സഭകളുടെ ലോക കൗൺസിൽ ജനറൽ സെക്രട്ടറി റവ ഡോ ജെറി പിള്ളൈ (സ്വിറ്റ്സർലൻഡ്), കൊളംബിയ തിയളോജിക്കൽ സെമിനാരി പ്രസിഡന്റ് റവ ഡോ വിക്ടർ അലോയോ, ഡോ രാജ്കുമാർ രാംചന്ദ്രൻ (ഡൽഹി) എന്നിവരാണ് മുഖ്യപ്രാസംഗികർ.
ഒരു ലക്ഷം പേർക്കിരിക്കാവുന്ന പരമ്പരാഗത രീതിയിലുള്ള ഓലപ്പന്തലാണ് കൺവെൻഷനായി ഒരുക്കിയിട്ടുള്ളത്. കൺവെൻഷന് എത്തുന്നവർക്കായി കെഎസ്ആർടിസി സമീപ ബസ് സ്റ്റാൻഡുകളിൽ നിന്ന് സ്പെഷ്യൽ സർവീസ് നടത്തുന്നുണ്ട്.