അന്യസംസ്ഥാനക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് തട്ടിപ്പുമായി ഏജന്റ്മാർ. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വൻ തുകയാണ് ഇവർ വിലപേശി ഉറപ്പിക്കുന്നത്. ഈ മാസം കൊച്ചിയിൽ മരിച്ച ഝാർഖണ്ഡ് സ്വദേശിയുടെ മൃതദേഹം റോഡ്മാർഗം നാട്ടിലെത്തിക്കാൻ ഇവർ ഈടാക്കിയത് 1,30,000 രൂപയാണ്. 130000 was bought to bring the dead body home
മൃതദേഹം കേരളത്തിൽ മറവു ചെയ്യുന്നതിന് 5000 രൂപയിൽ താഴെ മാത്രമാണ് ചെലവു വരുക. അന്യസംസ്ഥാന തൊഴിലാളികളുടെ അജ്ഞതയാണ് ഏജന്റുമാർ മുതലെടുക്കുന്നതെന്നു മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസീവ് ഡിവലപ്മെന്റ് (സി.എം.ഐ.ഡി) എക്‌സിക്യുട്ടീവ് ഡയറക്ടർ ബിനോയ് പീറ്റർ പറഞ്ഞു.
കേരളത്തിൽ മരിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനാണ് ഇടനിലക്കാരായി ഏജന്റുമാരെത്തുന്നത്. ഈ മാസം കൊച്ചിയിൽ മരിച്ച അന്യസംസ്ഥാനക്കാരന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ഒരു ലക്ഷം രൂപയാണ് ആദ്യം ബന്ധുക്കളോട് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് മൃതദേഹം ആംബുലൻസിൽ കയറ്റി.
എന്നാൽ, അല്പദൂരം പിന്നിട്ടപ്പോൾ റോഡരികിൽ ആംബുലൻസ് നിർത്തിയശേഷം കൂടുതൽ തുക ആവശ്യപ്പെട്ടു. 30,000 രൂപ കൂടി വേണമെന്നായിരുന്നു ആവശ്യം. ഒടുവിൽ ഇത് നൽകാമെന്ന് സമ്മതിച്ചതോടെയാണ് യാത്ര തുടർന്നതെന്ന് ബന്ധുക്കൾ അറിയിച്ചു.
കേരളത്തിൽ മരിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് മുൻപ് തൊഴിൽവകുപ്പ് നേരിട്ടാണ് പണം മുടക്കിയിരുന്നതെന്ന് സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസീവ് ഡിവലപ്മെന്റ് (സി.എം.ഐ.ഡി) എക്‌സിക്യുട്ടീവ് ഡയറക്ടർ ബിനോയ് പീറ്റർ പറഞ്ഞു. ഇതിൽ മാറ്റം വന്നതോടെയാണ് ഏജന്റുമാർ വലവിരിച്ച് തുടങ്ങിയത്.
ഒഡിഷയും പശ്ചിമബംഗാളും ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വിമാനമാർഗം മൃതദേഹം നാട്ടിലെത്തിക്കാൻ 50,000 ത്തിൽ താഴെ മാത്രമാണ് ചെലവു വരുന്നത്. മൃതദേഹം കൊണ്ടുപോകുന്നതിനുള്ള ചെലവുകൾക്ക് സർക്കാർ 50,000 രൂപ സാമ്പത്തികസഹായം നൽകുന്നുണ്ട്. ഈ തുകയും ഏജന്റുമാർ കൈവശപ്പെടുത്തും.
അടുത്തിടെ, മരിച്ച പശ്ചിമബംഗാൾ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് കണ്ടെത്താൻ ആ കുടുംബത്തിന് കിടപ്പാടം പണയം വയ്‌ക്കേണ്ടി വന്നത് വാർത്തയായിരുന്നു.