മലേഷ്യന്‍ വംശജനും ബ്രോഡ്‌കോം കമ്പനി മേധാവിയുമായ ഹോക്ക് ടാന്‍ ആണ് അമേരിക്കയില്‍ ഏറ്റവുമധികം വേതനം വാങ്ങുന്ന സി.ഇ.ഒ. 2023ല്‍ അദ്ദേഹം 162 മില്യണ്‍ ഡോളറാണ് (ഏകദേശം 1,350 കോടി രൂപ) വേതനമായി കൈപ്പറ്റിയത്.
രണ്ടാംസ്ഥാനത്ത് ഇന്ത്യക്കാരനും പാലോ ഓള്‍ട്ടോ നെറ്റ്‌വര്‍ക്ക്‌സിന്റെ സി.ഇ.ഒയുമായ നികേഷ് അറോറയാണ്. 151.43 മില്യണ്‍ ഡോളറാണ് കഴിഞ്ഞവര്‍ഷം അറോറ വാങ്ങിയ ശമ്പളം. ഏകദേശം 1,250 കോടി രൂപ. കാലിഫോര്‍ണിയ ആസ്ഥാനമായ സൈബര്‍സെക്യൂരിറ്റി സേവനദാതാക്കളാണ് പാലോ ഓള്‍ട്ടോ നെറ്റ്‌വര്‍ക്ക്‌സ്.
ഗൂഗിളില്‍ ചീഫ് ബിസിനസ് ഓഫീസറായും ജാപ്പനീസ് നിക്ഷേപസ്ഥാപനമായ സോഫ്റ്റ്ബാങ്കില്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനു ശേഷമാണ് അറോറ പാലോ ഓള്‍ട്ടോയിലെത്തുന്നത്. 2012ല്‍ ഗൂഗിളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അമേരിക്കയില്‍ എക്‌സിക്യുട്ടീവ് പദവിയില്‍ ഏറ്റവുമധികം വേതനം പറ്റുന്ന വ്യക്തിയെന്ന ബഹുമതിയും ലഭിച്ചിട്ടുണ്ട്. അന്ന് അദ്ദേഹത്തിൻ്റെ വേതനം 51 മില്യണ്‍ ഡോളറായിരുന്നു (425 കോടി രൂപ). സോഫ്റ്റ്ബാങ്കില്‍ അദ്ദേഹത്തിന്റെ വേതനം 135 മില്യണ്‍ ഡോളറായിരുന്നു (1,125 കോടി രൂപ). 2018ലാണ് അദ്ദേഹം പാലോ ഓള്‍ട്ടോ നെറ്റ്‌വര്‍ക്ക്‌സിലെത്തിയത്.
വോള്‍സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഏറ്റവുമധികം വേതനംപറ്റുന്ന 500 സി.ഇ.ഒമാരില്‍ 17 പേരാണ് ഇന്ത്യന്‍ വംശജരുള്ളത്. ഇതില്‍ നികേഷ് അറോറയ്ക്ക് പിന്നിലായി രണ്ടമതുള്ളത് അഡോബീയുടെ സി.ഇ.ഒ ശന്തനു നാരായണ്‍ ആണ്. 1998ല്‍ അഡോബീയിലെത്തി. ഹൈദരാബാദുകാരനാണ് ശന്തനു, 2007 മുതല്‍ സി.ഇ.ഒയാണ്. 44.93 മില്യണ്‍ ഡോളറാണ് (375 കോടി രൂപ) 2023ല്‍ അദ്ദേഹം വാങ്ങിയ വേതനം.
ടെസ്‌ല സി.ഇ.ഒ എലോണ്‍ മസ്‌ക് 2023ല്‍ വേതനമൊന്നും വാങ്ങിയില്ല. 24.40 മില്യണ്‍ ഡോളറാണ് മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് വാങ്ങിയത്, ഏകദേശം 200 കോടി രൂപ.