കൊച്ചി: ലഹരിക്ക് അടിമയായ 12 വയസ്സുകാരൻ 10 വയസ്സ് മാത്രം പ്രായമുള്ള തന്റെ സഹോദരിക്ക് എംഡിഎംഎ നൽകി. കുട്ടിയെ ഡി-അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ച ശേഷമാണ് സഹോദരിക്കും താൻ ലഹരി നൽകിയതായി കുട്ടി വെളിപ്പെടുത്തുന്നത്. ഇന്നത്തെകാലത്ത് മുതിർന്നവരിൽ മാത്രമല്ല കുട്ടികളിൽപോലും ലഹരി ഉപയോഗം വ്യാപകമാണെന്നുള്ളതിന്റെ തെളിവുകളിൽ ഒന്നാണ് ഈ സംഭവം.
വീട്ടുകാർ ഉറങ്ങുന്ന തക്കം നോക്കിയായിരുന്നു 12-കാരൻ വീട്ടിൽനിന്ന് ലഹരി ഉപയോഗത്തിനായി പുറത്തേക്ക് പോയിരുന്നത്. ലഹരി വസ്തുക്കൾ വാങ്ങുന്നതിനായി മൂന്നുലക്ഷത്തോളം രൂപ കുട്ടി വീട്ടിൽ നിന്നും മോഷ്ടിച്ചതായാണ് ലഭിക്കുന്ന വിവരം. ഈ സംഭവം ചോദ്യം ചെയ്തതിന് വീട്ടുകാരെ ആക്രമിക്കുകയും ചെയ്തു. വിവരം ലഭിച്ചിട്ടും എളമക്കര പൊലീസ് സിഡബ്ല്യുസിക്ക് റിപ്പോർട്ട് നൽകിയില്ല എന്നുള്ള പരാതിയും ഉയർന്നു വരുന്നുണ്ട്.
തുടർച്ചയായ ലഹരി വസ്തുക്കളുടെ ഉപയോഗം കുട്ടിയുടെ മാനസികാവസ്ഥയിൽ മാറ്റം വരുത്തിയിട്ടുള്ളതായാണ് ലഭിക്കുന്ന വിവരം. മാതാപിതാക്കൾ ഉറങ്ങിയ ശേഷം രാത്രി സൈക്കിളുമായാണ് കുട്ടി ലഹരി ഉപയോഗത്തിന് പോയിരുന്നത്. ഒരു ദിവസം കുട്ടിയെ കാണാതായതോടെ വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് നെടുമ്പാശേരിക്ക് സമീപത്ത് നിന്ന് കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ലഹരി ഉപയോഗം പിടിക്കപ്പെടുകയായിരുന്നു. പിന്നാലെ ഇവർ കുട്ടിയെ ലഹരി വിമോചന കേന്ദ്രത്തിലെത്തിച്ചു.
കുട്ടി ലഹരിക്ക് അടിമയായതോടെ മാതാപിതാക്കളെ ആക്രമിക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങിയിരുന്നു. താൻ പ്രായപൂർത്തിയാകാത്ത കുട്ടിയാണെന്നും എന്തെങ്കിലും പറഞ്ഞാൽ മതാപിതാക്കൾ ഉൾപ്പെടെ ജയിലിൽ പോകുമെന്നായിരുന്നു 12-കാരന്റെ ഭീഷണി.
ലഭിച്ച വിവരങ്ങളുടെ അടിസ്ഥാത്തിൽ സഹോദരിയെയും ചികിത്സയ്ക്കായി ഡി-അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അമിതമായ ലഹരി ഉപയോഗം കുട്ടിയുടെ മാനസിക നില തകരാറിലാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അക്രമവാസന കുട്ടിയുടെ പെരുമാറ്റത്തിൽ പ്രകടമാണ്.