സിനിമകളെ മാത്രമല്ല ഇന്ന് വെബ് സീരീസുകളെയും ഇഷ്ടപ്പെട്ട് തുടങ്ങിയിരിക്കുകയാണ് മലയാളികള്‍. അതുകൊണ്ട് തന്നെയാകാം മലയാളത്തില്‍ തുടര്‍ച്ചയായ സീരീസുകളെത്തുന്നത്. അന്യഭാഷകളിലെ വെബ് സീരീസുകള്‍ മാത്രം കണ്ടിരുന്ന മലയാളികള്‍ക്ക് ഇന്ന് സ്വന്തം ഭാഷയില്‍ മികച്ച വെബ് സീരീസുകളുണ്ട്.1000 Babies
ബോളിവുഡിലെ ഒരുകാലത്തെ ഹൃദയത്തുടിപ്പായിരുന്ന സൂപ്പർതാരം നീന ഗുപ്തയുടെ അതിശയിപ്പിക്കുന്ന പ്രകടനവുമായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ എത്തിയ സീരീസ് ആണ് ‘1000 ബേബീസ്’. ഏഴ് എപ്പിസോഡുകളിലായി മലയാളത്തിൽ ചിത്രീകരിച്ച ഈ സൈക്കോളജിക്കൽ ത്രില്ലർ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, തുടങ്ങിയ ഭാഷകളിലും ലഭ്യമാണ്.
നല്ല അഭിപ്രായങ്ങൾക്കിടയിലും ചില കോണുകളിൽ നിന്ന് വിമർശനങ്ങളും ഉയരുന്നുണ്ട്. പ്രശസ്ത മനശാസ്ത്ര വിദഗ്ദനായ ഡോ സി ജെ ജോൺ പറയുന്നത് ഇങ്ങനെ:
ഹോട്ട് സ്റ്റാര്‍ വെബ് സീരീസ് 1000 ബേബീസ് മനസ്സിലൊരു ബേബി ഉള്ളവര്‍ കാണരുത് .മലയാള വെബ് സീരീസുകള്‍ ഏത് ദിശയിലേക്കാണ് ഇനി ഒഴുകാന്‍ പോകുന്നതിന്റെ സാക്ഷ്യം കൂടിയാണ് ഈ ബേബീസ്.
കൊടും ക്രൂരതകളും കുറ്റവാസനകളും ആകര്‍ഷകമായി ചിത്രീകരിക്കാന്‍ വേണ്ടി തട്ടി കൂട്ടിയ കൃത്രിമവും അവിശ്വസനീയവുമായ ഒരു കഥയാണ് ആ സീരിസിന്റെ ഏറ്റവും വലിയ ന്യൂനത.
നല്ല പിതാവിനും മാതാവിനും പിറന്നതിന്റെ ജന്മഗുണം ഇതിലെ കില്ലര്‍ കാണിക്കുന്നില്ലെന്ന വൈരുദ്ധ്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.പുതിയ കാല ലഹരികള്‍ ഉപയോഗിക്കുന്നതിന്റെ ഡെമോണ്‍സ്ട്രേഷന്‍ ഗംഭീരമായി ചെയ്തിട്ടുണ്ട് .
അക്രമങ്ങള്‍ വിശദമായി കാണാം. വല്ലാത്ത പ്രസവ മുറി കണ്ട് പെണ്ണുങ്ങള്‍ പേടിക്കാതിരിക്കട്ടെ .. മനസ്സില്‍ ക്രിമിനല്‍ ഭാവത്തിന്റെ തോത് കൂടുതലുള്ളവര്‍ക്ക് ഈ സീരീസ് ഒരു വിരുന്നാകും.
ചാനലുകള്‍ രാത്രിയില്‍ സംപ്രേഷണം ചെയ്യുന്ന ക്രൈം വാര്‍ത്തകള്‍ എന്നും കണ്ട് ത്രില്ലടിക്കുന്നവര്‍ ഇത് നന്നായി ആസ്വദിക്കും.സഞ്ജു ശിവരാമെന്ന നടനുണ്ടായിയെന്നതാണ് ശ്രദ്ധിച്ച നേട്ടം.
യവനികയും, കരിയിലക്കാറ്റു പോലെയുമൊക്കെ കണ്ട് വളര്‍ന്നത് കൊണ്ടായിരിക്കും ഈ ബേബിയെ കുറിച്ച് ഇങ്ങനെയൊക്കെ തോന്നുന്നത്. ഇമ്മാതിരി സീരിസുകളുടെ ആരാധകര്‍ പൊറുക്കുക .ഇതിലെ കില്ലറെ പോലെ പോസ്റ്റിട്ടവനെ കൊല്ലാന്‍ പ്ലാനിടാതിരിക്കുക. എ റേറ്റിങ്ങ് ഉണ്ട്.
ദയവായി പിള്ളേരെ കാണിക്കാതിരിക്കുക .
(സി. ജെ .ജോണ്‍ )
എന്നാൽ പൊതുവെ ഈ വെബ് സീരീസിന് നല്ല അഭിപ്രായമാണ്. പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ.
സാറ ഔസേപ്പ് എന്ന സ്ത്രീയില്‍ നിന്നാണ് ഈ സീരീസ് തുടങ്ങുന്നത്. വളരെ നിഗൂഢതകള്‍ നിറഞ്ഞ വ്യക്തിയാണ് സാറയെന്ന് ആദ്യ എപ്പിസോഡിലൂടെ തന്നെ വ്യക്തമാണ്. അവരിലെ നിഗൂഢതകള്‍ എത്രത്തോളം ഉണ്ടെന്ന് ആ എപ്പിസോഡില്‍ തന്നെ കാണിക്കുന്നുണ്ട്. എന്നാല്‍ അവരുടെ ഹാലുസിനേഷനുകളും മറ്റും കാണിക്കുമ്പോള്‍ വല്ലാത്ത വലിച്ചു നീട്ടലുകള്‍ പ്രകടമാകാം.
ആദ്യ എപ്പിസോഡിലെ ഈ വലിച്ചു നീട്ടല്‍ വല്ലാതെ മടുപ്പ് തോന്നിപ്പിക്കുന്നതാണ്. എന്നാല്‍ ആദ്യ എപ്പിസോഡ് മാത്രം കണ്ട് ഈ സീരീസ് കാണേണ്ടെന്ന് തീരുമാനിച്ചാല്‍ അത് ഒരുപക്ഷെ വലിയ നഷ്ടമാകും. കാരണം പിന്നീടങ്ങോട്ടുള്ള ഓരോ എപ്പിസോഡുകളും സസ്‌പെന്‍സും മിസ്റ്ററിയും നിറഞ്ഞവയാണ്.
തന്റെ ഭൂതകാലത്തിലെ കുറ്റകൃത്യങ്ങളുടെ ഓർമകളിൽ വെന്തുരുകി മാനസിക നില തെറ്റി ജീവിക്കുന്ന ഒരു വൃദ്ധയും അവരുടെ കുറ്റകൃത്യത്തിന്റെ പരിണിതഫലം അനുഭവിക്കാൻ വിധിക്കപ്പെട്ട ചില മനുഷ്യരുടെയും കഥയാണ് 1000 ബേബീസ് പറയുന്നത്. നടൻ റഹ്‌മാൻ ഏറെ ശ്രദ്ധേയമായൊരു വേഷത്തിൽ ഈ സീരീസിൽ പ്രത്യക്ഷപ്പെടുന്നു.
2010 ലാണ് കഥ ആരംഭിക്കുന്നത്. മകനൊപ്പം കോട്ടയത്തെ മുണ്ടക്കയം ഗ്രാമത്തിലെ ഒരു ഇരുണ്ട റബ്ബർ തോട്ടത്തിനുള്ളിലെ ഒറ്റപ്പെട്ട വീട്ടിൽ താമസിക്കുന്ന സാറാ ഔസേഫ് എന്ന വൃദ്ധയിലൂടെയാണ് പ്രേക്ഷകർ കഥയിലേക്ക് പ്രവേശിക്കുന്നത്. മകൻ ബിബിൻ ഔസേഫ് ഒരു ഗ്രാമീണ ലാബിലെ ലാബ് ടെക്നീഷ്യനാണ്.
അസാമാന്യ ബുദ്ധിശക്തിയുള്ള ബിബിൻ അമ്മയുടെ നിർബന്ധപ്രകാരമാണ് ലാബ് ടെക്നിഷ്യൻ കോഴ്സ് പഠിച്ച് അമ്മയെ വിട്ടുപോകാതെ അവിടെ തന്നെ ജീവിക്കുന്നത്. സാറ ഒരു വിചിത്ര സ്ത്രീയാണ്. പലപ്പോഴും നിയന്ത്രണം വിട്ട് അലറിക്കരയുന്ന സാറ മാർക്കർ പേന ഉപയോഗിച്ച് വീടിനുള്ളിലെ ഒരു മുറിയിലെ ചുവരുകളിൽ എന്തോ എഴുതിക്കൊണ്ടാണ് ദിവസങ്ങൾ ചെലവഴിക്കുന്നത്. ബിബിൻ തന്റെ അമ്മയെ അഗാധമായി സ്നേഹിക്കുന്നുണ്ട്.
മാർക്കർ പേന തീരുമ്പോൾ മാനസികാസ്വാസ്ഥ്യം പ്രകടമാക്കുന്ന അമ്മയെ ബിബിൻ മാർക്കർ വാങ്ങി നൽകി ആശ്വസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. ഒടുവിൽ സാറ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നു എന്ന് തോന്നിപ്പിക്കുന്ന ഒരു ദിവസം അവർ മകനോട് താൻ ചുവരിൽ എഴുതുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തുന്നു. ആ തുറന്നുപറച്ചിലിനു പിന്നിലെ യാഥാർഥ്യങ്ങളുടെ ചുരുളഴിക്കാൻ ഒടുവിൽ നിയോഗിക്കപ്പെടുന്നത് കളമശ്ശേരി സർക്കിൾ ഇൻസ്‌പെക്ടർ അജി കുര്യനാണ്. അറിയപ്പെടുന്ന ഒരു നടിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന അജി കുര്യൻ ഒടുവിൽ എത്തിച്ചേരുന്നത് സാറയുടെ വീട്ടിലാണ്.
നീന ഗുപ്തയുടെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ഈ സീരീസിനെ ശ്രദ്ധേയമാക്കുന്നത്. സാറ എന്ന വൃദ്ധയുടെ ശരീരത്തിന്റെയും മനസ്സിന്റെയും സങ്കീർണ്ണതകളിലേക്ക് കൂടുവിട്ട് കൂടുമാറുകയായിരുന്നു നീന ഗുപ്ത. ഫ്ളാഷ്‌ബിക്കിൽ ബിബിന്റെ സ്നേഹനിധിയായ അമ്മയായും കർക്കശക്കാരിയായ നഴ്സ് ആയും നീന ഗുപ്ത അപാരമായ അഭിനയ വൈദഗ്ധ്യമാണ് പ്രകടമാക്കുന്നത്.
ഓരോ ഫ്ലാഷ്‌ബാക്കും സാറയുടെ ജീവിതത്തിന്റെ മറ്റൊരു വശം നമുക്ക് കാണിച്ചുതരുമ്പോൾ നീന ഗുപ്തയുടെ പ്രകടനത്തിൽ ഓരോ പൊൻതൂവലായി മാറുന്നു. അജി കുര്യനായി എത്തുന്നത് മലയാളത്തിന്റെ പ്രിയ നടൻ റഹ്മാൻ ആണ്. സ്റ്റീരിയോടിപ്പിക്കൽ പൊലീസ് വേഷങ്ങളിൽ നിന്ന് വിഭിന്നമായി ഏറെ മികവുറ്റ രീതിയിൽ അജി കുര്യനായി റഹ്മാൻ മാറി.
സങ്കീർണ്ണത ഏറെയുള്ള ബിബിൻ എന്ന കഥാപാത്രമായി സഞ്ജു ശിവറാം തിളക്കമാർന്ന പ്രകടനം കാഴ്ച വച്ചു. കരുതലുള്ള ഒരു മകനിൽ നിന്ന് നിരവധി അടരുകളുള്ള ഒരു മനുഷ്യനിലേക്കുള്ള സഞ്ജു ശിവരാമന്റെ പകർന്നാട്ടം ഗംഭീരമായിരുന്നു.
ജോയ് മാത്യു, ഷാജു ശ്രീധർ, ആദിൽ എബ്രഹാം, ശ്രീകാന്ത് മുരളി, രാധിക രാധാകൃഷ്ണൻ, രാധ ഗോമതി, ഇർഷാദ്, അശ്വിൻ കുമാർ, എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തിയത്. നടൻ ശ്രീജിത്ത് രവിയുടെ ഭാര്യ സജിത ഒരു ചെറിയ കഥാപാത്രമായി സീരീസിൽ എത്തുന്നുണ്ട്.