കോട്ടയം നെടുങ്ങാടപ്പിള്ളി സ്വദേശി ഫിലിപ്പിന് പ്രായം നൂറ്. ഒരു മനുഷ്യൻ നൂറ് വയസ്സുവരെ ജീവിച്ചെന്നു കേൾക്കുമ്പോൾ അത്ഭുതപ്പെടുന്ന ആളുകൾക്കിടയിൽ നൂറാം വയസ്സിലും നിഷ്പ്രയാസം വാഹനം ഓടിക്കുന്ന ഒരാളെ കുറിച്ച് പറയുമ്പോൾ എന്താകും പ്രതികരണം. അവിടെ തീർന്നില്ല ഫിലിപ്പിനെ കുറിച്ചുള്ള വിവരങ്ങൾ. 50 വർഷമായി തന്റെ ഇഷ്ട വാഹനമായ ഫീയറ്റ് പ്രീമിയർ പത്മിനിയെ കുറിച്ചും ഫിലിപ്പിന് പറയാനുണ്ട് ഏറെ.
50 വർഷം മുൻപ് കാർ വാഹനമെന്ന മോഹത്തെ തുടർന്ന് അന്ന് 20000 രൂപയ്ക്ക് ഫീയറ്റ് പ്രീമിയർ പത്മിനി ബുക്ക് ചെയ്യുകയായിരുന്നു. എന്നാൽ ആഗ്രഹിച്ചു വാങ്ങിയ കാർ വീട്ടിലെത്താൻ അഞ്ച് വർഷത്തോളം കാത്തിരിക്കേണ്ടി വന്നു. കാറിന്റെ വിലയ്ക്കു പുറമേ അൻപതിനായിരം രൂപ അധികം പറഞ്ഞിട്ടും ഫിലിപ് ആ കാർ വിൽക്കാൻ തയാറായില്ല. ആദ്യ കാർ അപകടത്തിൽപ്പെട്ട ശേഷം വാങ്ങിയ ഫീയറ്റ് കാർ ഇപ്പോഴും കയ്യിലുണ്ട്. ഈ ഫീയറ്റ് കാർ കൊടുക്കുമോ എന്നു ചോദിച്ചാലും ഇല്ല എന്നു തന്നെയാണ് ഫിലിപ്പിന്റെ മറുപടി.
പള്ളിയിൽ പോകാനും ബന്ധുവീടുകൾ സന്ദർശിക്കാനുമാണ് ഫിലിപ് ചേട്ടന്റെ ഇപ്പോഴത്തെ ഡ്രൈവിങ്. ബാങ്ക് ജോലിയിൽ നിന്നു വിരമിച്ച ശേഷം മകൻ സാജനുമായി ചേർന്ന് ഒരു കട നടത്തിയിരുന്നെങ്കിലും കുറച്ചു നാളുകൾക്കു ശേഷം അത് മകനെ ഏൽപ്പിച്ച് വിശ്രമ ജീവിതത്തിലേക്കു കടന്നു. പള്ളിയിലുള്ളവർക്കും നാട്ടുകാർക്കുമെല്ലാം അവരുടെ പ്രിയപ്പെട്ട കുട്ടിക്കുഞ്ചയനാണ് ഈ നൂറു വയസ്സുകാരൻ ഫിലിപ്.
പ്രായം ഇത്രയായില്ലേ, ഇനിയിപ്പോ കയ്യിൽ ലൈസൻസ് ഉണ്ടാകില്ലെന്ന് കരുതി ഇരിക്കുന്നവർക്ക് തെറ്റി. സർക്കാർ അംഗീകരിച്ച ലൈസൻസോടെയാണ് ഫിലിപ് തന്റെ പ്രീമിയർ പത്മിനിയിലെ യാത്ര. അൻപതാം വയസ്സിലാണ് ആദ്യമായി ഡ്രൈവിങ് ലൈസൻസ് എടുത്തത്. അന്നുമുതൽ കൃത്യ സമയത്തു ലൈസൻസ് പുതുക്കുന്നുണ്ട്. അവസാനം ലൈസൻസ് പുതുക്കിയത് തൊണ്ണൂറ്റി അഞ്ചാം വയസ്സിലാണ്. മൂന്നു മാസം കഴിഞ്ഞാൽ വീണ്ടും ലൈസൻസ് പുതുക്കേണ്ടതുണ്ട്. നൂറു വയസ്സിനു ശേഷം ലൈസൻസ് ലഭിക്കുമോ എന്നതിന്റെ സാധ്യതകളെപറ്റിയുള്ള ധാരണകളും അദ്ദേഹത്തിനുണ്ട്.
അരനൂറ്റാണ്ട് മുൻപ് തന്നോടൊപ്പം കൂടിയ ഫിയറ്റിനെക്കുറിച്ചു ചോദിച്ചാൽ ഫിലിപ്പിന്റെ മറുപടി കുറച്ചു വാക്കുകളിൽ ഒതുങ്ങില്ല. ‘‘എനിക്കിണങ്ങിയ ഏറ്റവും മികച്ച വാഹനമാണ് ഈ ഫിയറ്റ് കാർ. ഇതല്ലാതെ മറ്റൊരു ബ്രാന്‍ഡിന്റെ വാഹനം ഇതുവരെ ഞാൻ ഓടിച്ചിട്ടില്ല. ആദ്യം വാങ്ങിയ കാർ രണ്ടു വർഷം കഴിഞ്ഞപ്പോൾ അപകടത്തിൽപെട്ടു. എതിരെ വന്ന വാഹനത്തിലുണ്ടായിരുന്നവരുടെ അശ്രദ്ധയായിരുന്നു കാരണം. എനിക്കും കൂടെയുണ്ടായിരുന്ന ഭാര്യയ്ക്കും ഒന്നും സംഭവിച്ചില്ലെങ്കിലും വാഹനം പൂർണമായും തകർന്നു. അതിനു ശേഷം സെക്കന്‍ഡ് ഹാന്‍ഡ് വാങ്ങിയതാണ് ഇപ്പോൾ ഉപയോഗിക്കുന്ന പത്മിനി. ഈ വാഹനത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യം ഹാൻഡ് ഗിയറാണ്. അത് ഉപയോഗിച്ചു ശീലമായതുകൊണ്ട് മറ്റൊരു വാഹനം ഓടിക്കാൻ തോന്നാറില്ല. പണ്ടൊക്കെ ഞാൻ ഈ കാറുമായി ഒരുപാട് ദൂരം യാത്ര ചെയ്യുമായിരുന്നു. ഇപ്പോൾ ബ്ലോക്കിലൂടെ ഇഴഞ്ഞുവേണം നീങ്ങാൻ. അതുകൊണ്ട് പള്ളിയിൽ മാത്രമേ പോകാറുള്ളു. മല്ലപ്പള്ളിയിൽനിന്നു കോട്ടയമെത്തണമെങ്കിൽ മണിക്കൂറുകൾ വേണം. വേഗത്തിൽ പോകാനുള്ളവർ പാഞ്ഞു പോകുന്നതുകാണാം. ഞാൻ ഒരു വശം ചേർന്നു പതിയെ പള്ളിയിലേക്കു പോകും. കുറച്ചു നേരം പള്ളിയിലും പരിസരങ്ങളിലുമായി ചെലവഴിക്കും’’ – ഫിലിപ് പറയുന്നു.
ഇപ്പോഴും കാർ കൊടുക്കുമോ എന്ന് ചോദിച്ചു ആരെങ്കിലും വന്നാൽ ഒറ്റ മറുപടിയെ ഫിലിപ്പിനുള്ളൂ. ‘‘ഇത്രയും കാലമായി കൊണ്ടു നടക്കുന്ന ഈ കാർ എന്തായാലും ഞാൻ വിൽക്കില്ല. എന്റെ കാലശേഷം വേണമെങ്കിൽ തരാം’’.