ക്ഷത്രിയ കർണിസേനയുടെ മുൻ തലവൻ സുഖ്ദേവ് സിങ്ങിനെ കൊലപ്പെടുത്തിയ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയെ വധിക്കുന്ന പൊലീസിന് പ്രതിഫലം വാഗ്ദാനം ചെയ്തു. ഒരു കോടിയിലധികം രൂപയാണ് ക്ഷത്രിയ കർണി സേന ബിഷ്ണോയിയെ വധിക്കുന്ന പോലീസിന് വാഗ്ദാനം ചെയ്തത്. നിലവിൽ ലോറൻസ് ബിഷ്ണോയ് ഗുജറാത്തിലെ ജയിലിലാണുള്ളത്.
ക്ഷത്രിയ കർണിസേന ദേശീയ പ്രസിഡന്റ് രാജ് ഷെഖാവത് വിഡിയോ സന്ദേശത്തിലൂടെയാണ് പ്രതിഫലം പ്രഖ്യാപിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. 1,11,11,111 രൂപ നൽകുമെന്നാണ് പ്രഖ്യാപനം. ഗുജറാത്ത്, കേന്ദ്ര സർക്കാരുകളുടെ നടപടികളെ കർണിസേനാ തലവൻ വിമർശിച്ചു. കർണിസേനാ മുൻ തലവൻ സുഖ്ദേവ് സിങ് 2023 ഡിസംബർ അഞ്ചിനാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയ് സംഘം ഏറ്റെടുത്തിരുന്നു. രാജ്യത്തൊട്ടാകെ വേരുകളുള്ള സംഘമാണ് ബിഷ്ണോയിയുടേതെന്ന് പൊലീസ് പറയുന്നു. മുൻ മന്ത്രിയും എൻസിപി അജിത് പവാർ വിഭാഗം നേതാവുമായ ബാബാ സിദ്ദിഖിയെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ ബിഷ്ണോയുടെ സംഘത്തിലുള്ളവരാണ് പിടിയിലായത്.
സൽമാൻ ഖാന്റെ ബാന്ദ്രയിലെ വസതിക്കു നേരെ ഏപ്രിൽ 14ന് വെടിയുതിർത്ത സംഭവത്തിൽ പിടിയിലായതും ലോറൻസ് ബിഷ്ണോയിയുടെ സംഘമാണ്. ബിഷ്ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്ണോയ് ഈ വെടിവയ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു
English summary : 1 crore to the police who kill Lawrence Bishnoi; Kshatriya Karnisena with promise