ബദരീനാഥ്: ഇത്തവണത്തെ തീർത്ഥാടനകാലത്തിന് ശേഷം ബദരീനാഥിൽ നടത്തിയ ക്ലീനപ്പ് ഡ്രൈവിൽ 1.5 ടൺ മാലിന്യം നീക്കം ചെയ്തു.
ഇക്കുറി 47 ലക്ഷത്തോളം ഭക്തരാണ് ബദരീനാഥിലെത്തിയത്. ശൈത്യകാലം തുടങ്ങുന്നതിന് മുൻപ് ക്ഷേത്രം അടയ്‌ക്കുന്നതിന് മുന്നോടിയായാണ് മാലിന്യനീക്കം.
ബദരീനാഥ് ക്ഷേത്രവും പരിസരപ്രദേശങ്ങളും വൃത്തിയാക്കുന്നതിന് ബദരീനാഥ് നഗർ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ശുചീകരണ യജ്ഞം നടത്തിയത്.
പര്യവരൺ മിത്ര എന്ന പേരിൽ 50 അംഗ സംഘമാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. തപ്റ്റ് കുണ്ഡ്, മെയിൻ ബസാർ, മന ഗ്രാമം, ബ്രഹ്‌മ കപാൽ, ആസ്ത പാത, എന്നിവിടങ്ങളിൽ നിന്നായി 1.5 ടൺ മാലിന്യമാണ് ഇവർ ശേഖരിച്ചത്.
ആരാധനാലയങ്ങളിൽ ശുചിത്വം ഉറപ്പാക്കേണ്ടത് ഓരോ വ്യക്തികളുടേയും കടമയാണ്, ഇതിനായി പ്രാദേശിക അധികാരികളുടെ ഭാഗത്ത് നിന്നുണ്ടായ ശ്രമങ്ങൾ പ്രശംസനീയമാണെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പറഞ്ഞു.
കടുത്ത മഞ്ഞുവീഴ്ച തുടങ്ങുന്നതോടെ നവംബർ പകുതി മുതൽ ഏപ്രിൽ വരെ ക്ഷേത്രം അടച്ചിരിക്കും. മെയ് മാസത്തിൽ അക്ഷയതൃതീയയ്‌ക്ക് ശേഷം പ്രത്യേക പൂജകളോടെയാണ് ക്ഷേത്രം തുറക്കുന്നത്. പിന്നീട് ക്ഷേത്രം ആറ് മാസം കഴിഞ്ഞ് വൃശ്ചിക മാസത്തിൽ അടയ്‌ക്കുന്നതാണ് പതിവ് രീതി.
ഇത്തവണത്തെ സീസണിൽ തീർത്ഥാടകരുടെ റെക്കോർഡ് എണ്ണമാണ് രേഖപ്പെടുത്തിയതെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.