സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനം ഇനിയും നീളും. കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റിവെച്ചതായാണ് വിവരം. പുതിയ ബെഞ്ച് കേസ് പരിഗണിക്കുമെന്ന് റിയാദ് ക്രിമിനൽ കോടതി വ്യക്തമാക്കി. കേസിന്റെ പഠനവും പുതിയ ബെഞ്ച് നടത്തും. റഹീമിന്റെ മോചനം സംബന്ധിച്ച് ഇന്ന് സുപ്രധാന തീരുമാനം ഉണ്ടാകുമെന്നായിരുന്നു കുടുംബം പ്രതീക്ഷിച്ചിരുന്നത്.
പ്രാദേശിക സമയം രാവിലെ 8 മണിയോടെയാണ് റിയാദ് ക്രിമിനൽ കോടതി റഹീമിന്റെ കേസ് പരിഗണിച്ചത്. സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റഹീമിന്റെ വധശിക്ഷ ആറ് മാസം മുൻപ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
4 കോടി രൂപ ദയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നൽകിയിരുന്നു. കഴിഞ്ഞ ജൂലൈ രണ്ടിനാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയത്. എന്നാൽ ഇതുവരെ മോചനം സാധ്യമാകാതെ ജയിലിൽ തുടരുകയാണ് റഹീം.
നിരവധി തവണ കേസ് കോടതി പരിഗണിച്ചെങ്കിലും മാറ്റി വെക്കുകയായിരുന്നു. സൗദി പൗരൻ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാൻ അൽ ശഹ്റിയുടെ 15 വയസ്സുകാരനായ മകൻ മരിച്ച കേസിലാണ് 2006 ഡിസംബർ 26 ന് റഹീം ജയിലിൽ അടയ്ക്കപ്പെട്ടത്.