തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര നയം രൂപീകരിക്കാനുള്ള കമ്മിറ്റി വിവാദത്തില്‍ പ്രതികരിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. കരട് രൂപീകരിക്കാനുള്ള കമ്മിറ്റിയില്‍ എല്ലാവരെയും ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് സജി ചെറിയാന്‍ പറഞ്ഞു. കമ്മിറ്റി രൂപീകരിച്ച രീതിക്കെതിരെ ഫിലിം ചേംബറും മലയാളം സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവും എതിര്‍പ്പ് അറിയിച്ചതോടെയാണ് മന്ത്രി രംഗത്തെത്തുന്നത്.
നിലവില്‍ എടുത്തിരിക്കുന്നത് അന്തിമ തീരുമാനമല്ല. അന്തിമ തീരുമാനം മെഗാ കോണ്‍ക്ലേവിലായിരിക്കും ഉണ്ടാവുക. ലൈറ്റ് ബോയ് മുതല്‍ മെഗാസ്റ്റാര്‍ വരെ പങ്കെടുക്കുന്ന കോണ്‍ക്ലേവ് മൂന്ന് മാസത്തിനുള്ളില്‍ നടക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു.
സിനിമാ സംഘടനകളുമായി കൂടിയാലോചിക്കാതെയാണ് ഷാജി എന്‍ കരുണ്‍ കമ്മിറ്റി രൂപീകരിച്ചതെന്നാണ് ഫിലിം ചേംബര്‍ ആരോപണം. ഇത് സംബന്ധിച്ച് ഫിലിം ചേംബര്‍ സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. ഏകപക്ഷീയമായി രൂപീകരിച്ച കമ്മിറ്റിക്ക് ജോലി സ്ഥലത്ത് വേരൂന്നിയ പ്രശ്നങ്ങള്‍ക്ക് പ്രായോഗിക പരിഹാരം വാഗ്ദാനം ചെയ്യാന്‍ സാധിക്കില്ലെന്ന് ഡബ്യൂസിസിയും അഭിപ്രായപ്പെട്ടിരുന്നു.
കമ്മിറ്റിയിലെ അംഗങ്ങളെ അവരുടെ അറിവോടും സമ്മതത്തോടും കൂടിയാണോ ഇത്തരമൊരു ഗൗരവപ്പെട്ട കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തതെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. ഇത്തരമൊരു സുപ്രധാന സംരംഭത്തിന്റെ ഭാഗമാകാന്‍ അംഗങ്ങള്‍ തിരിഞ്ഞെടുക്കപ്പെടുന്നതിന്റെ മാനദണ്ഡം/യോഗ്യത എന്താണെന്നതുമായി ബന്ധപ്പെട്ട വ്യക്തതയില്ലായ്മ, ചലച്ചിത്ര നയം രൂപീകരിക്കുന്നതില്‍ ഈ കമ്മിറ്റിയുടെ പങ്കും, കമ്മിറ്റിയുടെ ഔദ്യോഗിക പദവിയും അവ്യക്തമായി തുടരുന്നു എന്നീ ആശങ്കകളാണ് ഡബ്ല്യുസിസി പങ്കുവെച്ചത്.