തിരക്കു പിടിച്ച ജീവിതത്തില്‍ നിങ്ങള്‍ക്ക് ആരോഗ്യ സംരക്ഷണത്തിനായി സമയം മാറ്റിവെക്കാന്‍ കഴിയാതെ വരാറില്ലേ? എത്ര തിരക്കേറിയാലും നല്ല ആരോഗ്യത്തിന് വ്യായാമം അത്യാവശ്യമാണ്. എന്നാല്‍ സമയമില്ലെന്ന കാരണത്താല്‍ വിഷമിക്കുന്നവര്‍ക്ക് ആശ്വാസമേകുന്നതാണ് പുതിയ പഠനങ്ങള്‍.
എല്ലാ ദിവസവും വ്യായാമം ചെയ്തില്ലെങ്കിലും വിഷമിക്കേണ്ടതില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം വ്യായാമം ചെയ്താലും ഗുണം ചെയ്യുമത്രേ. ഇത് ഹൃദ്രോഗ-പക്ഷാഘാത സാധ്യത കുറയ്ക്കുമെന്നാണ് ഗവേഷകരുടെ നിരീക്ഷണം. ആഴ്ചയില്‍ 150 മിനിറ്റ് വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. മിതമായ വ്യായാമമാണെങ്കിലും ഫലപ്രദമാണെന്നാണ് ഇതു സംബന്ധിച്ച പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 89,573 പേരുടെ വിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടന്നത്. ആഴ്ചയില്‍ ഉടനീളമുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച ശേഷമാണ് വിശദമായ പഠനം നടത്തിയത്. 33.7 ശതമാനം ആളുകളും വ്യായാമം പോലുള്ള പ്രവര്‍ത്തികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരാണ്. ആഴ്ചയില്‍ ഒന്ന് രണ്ട് ദിവസം വ്യായാമം ചെയ്യുന്നവര്‍ 42.2 ശതമാനമാണ്. ദിവസവും വ്യായാമം ചെയ്യുന്നവര്‍ 24 ശതമാനവുമാണ്. തുടര്‍ന്ന് നടത്തിയ പഠനത്തിലാണ് ദിവസവും വ്യായാമം ചെയ്യുന്നവരിലും ആഴ്ചയില്‍ ചെയ്യുന്നവരിലും ഹൃദയാഘാതത്തിനുള്ള സാധ്യത ഒരുപോലെ കുറയുന്നുവെന്ന് കണ്ടെത്തിയത്.
ഈ കണ്ടെത്തല്‍ ഏറ്റവും അധികം ഉപകാരപ്പെടുന്നത് തിരക്കിട്ട ജീവിത ശൈലി തുടരുന്നവര്‍ക്കാണെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. അതുപോലെ തന്നെ ദിവസവും വ്യായാമം ചെയ്യുന്നത് മടിയായിക്കാണുന്നവര്‍ക്കും ഇത് ഉപകാരപ്രദമാണ്. വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
എല്ലാവരുടേയും ശരീരം ഒരുപോലെയല്ല. അതുകൊണ്ട് തന്നെ ഒന്നും ചെയ്യാതെയിരുന്ന് പെട്ടന്നൊരു ദിവസം വ്യായാമത്തിലേക്ക് കടക്കുന്നത് അനാരോഗ്യം ഉണ്ടാക്കിയേക്കാം. ഒരു വ്യക്തി വ്യായാമം ചെയ്യാന്‍ തയ്യാറെടുക്കുമ്പോള്‍ ശാരീരികമായി മാത്രമല്ല മാനസികമായും പാകപ്പെടേണ്ടതുണ്ട്. ചെയ്യുന്നത് ഏതു തരത്തിലുള്ള വ്യായാമമാണെങ്കിലും പതിയെ ആരംഭിക്കുക. ജിമ്മിലെ വ്യായാമങ്ങള്‍, കളികള്‍, നടത്തം, ഓട്ടം, നീന്തല്‍ ഇതെല്ലാം ഓരോ ഘട്ടങ്ങളായി തുടങ്ങുക. ഏതൊരു വ്യായാമവും ആരംഭിക്കുന്നതിന് അഞ്ചുമിനിറ്റ് വാംഅപ് ചെയ്യുക. ശേഷം വ്യായാമത്തിലേക്ക് കടക്കുക. കൈകാലുകള്‍ക്ക് സ്ട്രെച്ചിങും നല്‍കണം. ചെറിയ വ്യായാമം ചെയ്യുന്നതിലൂടെ മാംസപേശികളെയും സന്ധികളെയും ശക്തിപ്പെടുത്തിക്കൊണ്ടുവരികയാണ് ആദ്യം ചെയ്യേണ്ടത്.
ജിമ്മില്‍ വ്യായാമം ചെയ്യുന്നവരാണെങ്കില്‍ ചെറിയ വ്യായാമങ്ങളിലൂടെ ശരീരത്തെ ഒരുക്കിയെടുത്ത ശേഷമേ സൈക്കിള്‍, ട്രെഡ് മില്‍ തുടങ്ങിയ കാര്യങ്ങളിലേക്ക് കടക്കാന്‍ പാടുള്ളൂ. സ്ത്രീകളില്‍ കൂടുതലായി കാണപ്പെടുന്ന ഫൈബ്രോയിഡ്, പിസിഒഡി, തൈറോയിഡ് പ്രശ്‌നം ഉള്ളവരാണെങ്കില്‍ ഡോക്ടറോടോ ട്രെയിനറോടോ ഫിസിയോതെറാപ്പിസ്റ്റിനോടോ സംസാരിച്ച ശേഷം അനുയോജ്യമായ വ്യായാമം തെരഞ്ഞെടുക്കുന്നതാണ് നല്ലത്. ആദ്യഘട്ടത്തില്‍ ശരീരത്തെ വഴക്കമുള്ളതാക്കുന്ന വ്യായാമങ്ങളാണ് ചെയ്യേണ്ടത്. തുടര്‍ന്ന് ശരീരഭാരം കുറയ്ക്കുന്ന തീവ്രതയേറിയ വ്യായാമങ്ങള്‍ ചെയ്ത് തുടങ്ങാവുന്നതാണ്.
വ്യായാമം തുടങ്ങുന്നതിന് മുമ്പേ കഴിക്കുന്ന ഭക്ഷണത്തിലും ശ്രദ്ധവേണം. വര്‍ക്ക്ഔട്ടിന് മുന്‍പ് പ്രീവര്‍ക്ക് ഔട്ട് മീല്‍സ് കഴിക്കാവുന്നതാണ്. മധുരമില്ലാത്ത പഴമോ ജ്യൂസോ കഴിച്ചാല്‍ മതിയാകും. വ്യായാമത്തിനിടെ ക്ഷീണം തോന്നിയാല്‍ വിശ്രമിക്കുക. ശരീരത്തിന് ആവശ്യമായ വെള്ളം കുടിക്കുക. അമിതഭാരമുള്ളവര്‍ പേഴ്‌സണല്‍ ട്രെയിനറുടെ നിയന്ത്രണത്തില്‍ വര്‍ക്കൗട്ട് ചെയ്യുന്നത് നല്ലതായിരിക്കും. ഇത് ചെയ്യേണ്ട വ്യായാമങ്ങളെ കുറിച്ചും ഭക്ഷണ ക്രമത്തെ കുറിച്ചും നിര്‍ദേശം ലഭിക്കാന്‍ സഹായിക്കും.