ചെറുതുരുത്തിയിൽഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് നാലു പേർ മരിച്ചു. ചെറുതുരുത്തി സ്വദേശികളായ ഓടക്കൽ വീട്ടിൽ കബീര്‍ (47) , ഭാര്യ ഷാഹിന(35), മകൾ സെറ(10) ഷാഹിനയുടെ സഹോദരിയുടെ മകൻ ഫുവാദ് സനിൻ(12) എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട ഷാഹിനയെ പുറത്തെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.(Accident in Bharathapuzha; 4 people including couple died)
രാത്രി 8.15ഓടെയാണ് നാലാമത്തെ ആളുടെ മൃതദേഹവും കണ്ടെടുത്തത്. കബീറിന്‍റെയും സെറയുടെയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഷാഹിനയുടെയും ഫുവാദിന്‍റെയും മൃതദേഹം ആശുപത്രിയിലേക്ക് നേരത്തെ മാറ്റിയിരുന്നു. മരിച്ച ഫുവാദ് സനിൻ ചേലക്കര സ്വദേശിയായ ജാഫർ-ഷഫാന ദമ്പതികളുടെ മകനാണ്.
ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. കുട്ടികള്‍ കടവിനോട് ചേര്‍ന്നുള്ള ഭാരതപ്പുഴയടെ തീരത്ത് കളിക്കുന്നതിനിടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. തുടർന്ന് രക്ഷിക്കാൻ ഇറങ്ങിയ കബീറും ഷാഹിനയും ഒഴുക്കിൽപ്പെടുകയായിരുന്നു. ഷൊര്‍ണൂര്‍ ഫയര്‍ഫോഴ്സും, ചെറുതുരുത്തി പൊലീസും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചിൽ നടത്തിയത്.