ഹൈദരാബാദ്: തിരക്കുള്ള റോഡിൽ പണം വാരിയെറിഞ്ഞ് യൂട്യൂബറുടെ വീഡിയോ ചിത്രീകരണം. പണമെടുക്കാൻ ആളുകൾ വാഹനം നിർത്തിയിറങ്ങിയതോടെ വൻ ഗതാഗതക്കുരുക്കും തമ്മിൽത്തല്ലും ഉണ്ടായി. ഹൈദരാബാദിലെ കുകാട്ട്പള്ളിയിൽ പവർ ഹർഷ എന്ന യൂട്യൂബറാണ് റോഡിൽ പണം വാരിയെറിഞ്ഞത്.(YouTuber Sparks Chaos: Money Thrown on Busy Hyderabad Road Causes traffic jam)
ഗതാഗത തടസ്സം നേരിടുന്ന സമയത്ത് ഇയാൾ റോഡിലേക്കിറങ്ങി പണക്കെട്ട് മുകളിലേക്ക് എറിയുകയായിരുന്നു. ഇതുകണ്ടതോടെ ബൈക്കും ഓട്ടോറിക്ഷയും മുതൽ വലിയ വാഹനങ്ങൾ വരെ നടുറോഡിൽ നിർത്തി പണം പെറുക്കാനിറങ്ങി. ഇത് വലിയ ഗതാഗതക്കുരുക്കിനാണ് വഴിവച്ചത്. ഈ രീതിയിലുള്ള വിഡിയോ ചിത്രീകരണം തുടരുമെന്ന സൂചന നൽകിയാണ് പവർ ഹർഷ വിഡിയോ അവസാനിപ്പിക്കുന്നത്. താൻ വലിച്ചെറിഞ്ഞത് എത്ര പണമാണെന്ന് കൃത്യമായി പറയുന്നവർക്ക് സമ്മാനങ്ങളും ഇയാൾ വാഗ്ദാനം ചെയ്യുന്നു.
സംഭവത്തിന്റെ വിഡിയോ പുറത്തു വന്നതോടെ യൂട്യൂബർക്കെതിരെ വലിയ വിമർശനമുയർന്നു. പവർ ഹർഷയ്‌ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് സമൂഹ മാധ്യമങ്ങളിലൂടെത്തന്നെ ഒട്ടേറെപ്പേർ ആവശ്യപ്പെട്ടു. എന്നാൽ സംഭവത്തിൽ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല.