യൂട്യൂബ് ഇപ്പോൾ മിക്കവരുടെയും ഒരു വരുമാന മാർഗ്ഗമാണ്. ദിവസം തോറും ലക്ഷക്കണക്കിന് പുതിയ അക്കൗണ്ടുകളും പുതിയ ചാനലുകളും ആണ് യൂട്യൂബിൽ ആരംഭിക്കുന്നത്. നിരവധി ആളുകൾ നല്ല രീതിയിൽ വരുമാനം ഉണ്ടാക്കുന്ന ഒരു മേഖലയാണിത്. പല യൂട്യൂബർമാരും കോടീശ്വരന്മാരായി. അടുത്തകാലത്തായി സബ്സ്ക്രൈബർമാർ കൂടുന്നതിനായി യൂട്യൂബ് ചാനലുകൾക്ക് പല ഇളവുകളും പ്രഖ്യാപിച്ചിരുന്നു. ആയിരം സബ്സ്ക്രൈബർമാരും 4000 മണിക്കൂർ കാഴ്ച സമയവും ഉണ്ടെങ്കിൽ യൂട്യൂബ് തങ്ങളുടെ ചാനൽ ഉടമകൾക്ക് വരുമാനം നൽകും എന്നതായിരുന്നു ഇത്. പക്ഷേ അത് ഇത്ര വലിയ ഒരു കുഴപ്പത്തിൽ എത്തും എന്ന യൂട്യൂബ് പോലും കരുതി കാണില്ല. വ്യാജ കാഴ്ചക്കാരെ സൃഷ്ടിച്ച് യൂട്യൂബിനെ കബളിപ്പിച്ച് ചൈനയിലെ ഒരു യൂട്യൂബർ നേടിയത് ഏകദേശം 3.4 കോടി രൂപയാണ്. വാങ്ങ് എന്ന യൂട്യൂബറാണ് ഈ സാഹസം കാട്ടിയത്. എങ്ങനെയുണ്ട്?
ഈയടുത്ത സമയത്താണ് ഒരു കൂട്ടുകാരൻ ബ്രഷിംഗ് എന്ന ആശയം വാങ്ങിനോട് പറഞ്ഞത്. ഈ ആശയം വെച്ച് യൂട്യൂബിനെ തന്നെ കബളിപ്പിക്കാൻ ഇരുവരും തീരുമാനമെടുത്തു. ഇതിനായി വാങ് ആദ്യം ചെയ്തത് 4600 മൊബൈൽ ഫോണുകൾ വാങ്ങുകയാണ്. തുടർന്ന് ഇവയെ പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പരസ്പരം ബന്ധിപ്പിച്ചു. അനുബന്ധ സാധനങ്ങൾ എല്ലാം സംഘടിപ്പിച്ച ശേഷം 17 പേരെ ജോലിക്ക് വച്ച് ഓഫീസ് സെറ്റ് ആക്കി. ഇതുമൂലം ഏതാനും ക്ലിക്ക് വഴി തന്നെ എല്ലാ മൊബൈൽ ഫോണുകളും ഒരുമിച്ച് പ്രവർത്തിക്കാനും വീഡിയോ കാണാനും സാധിക്കുന്ന തരത്തിൽ യുവാവ് കാര്യങ്ങൾ ഏകോപിപ്പിച്ചു. ഇത്തരത്തിൽ താൻ അപ്‌ലോഡ് ചെയ്യുന്ന ഓരോ വീഡിയോയും ഓരോ ഫോണിലും നിന്ന് കാണുകയും അതിനു ലൈക്കുകളും കമന്റുകളും ഇടുകയും ചെയ്തു. ഇത്തരത്തിൽ ഓരോ വീഡിയോയും വൈറലായതോടെ വാങ്ങിന്റെ അക്കൗണ്ടിൽ പണം കുമിഞ്ഞു കൂടി.
എന്നാൽ പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്നാണല്ലോ. വാങ്ങ് അപ്‌ലോഡ് ചെയ്ത വീഡിയോകൾ പലതും നിലവാരം കുറഞ്ഞതും വ്യാജവും ആയിരുന്നു. വ്യാജ വീഡിയോ ചെയ്ത കേസിൽ ഇയാൾ അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ് ഇതിന് പിന്നിൽ നടന്ന വൻ കളികൾ പുറംലോകം അറിഞ്ഞത്. 4600 മൊബൈൽ ഫോണുകൾ കമ്പ്യൂട്ടറുകൾ അനുബന്ധ സാധനങ്ങൾ എന്നിവ ഉപയോഗിച്ച് വ്യാജ കാഴ്ചക്കാരെ സൃഷ്ടിച്ച് വാങ് യൂട്യൂബിനെ കബളിപ്പിക്കുകയായിരുന്നു. ഒരു വർഷവും മൂന്നുമാസം തടവും ഏഴായിരം ഡോളർ പിഴയുമാണ് കോടതി വിധിച്ചത്.