കൊച്ചി: വനിതാ ഹോസ്റ്റലിൽ ക്രൂരമായ മർദ്ദനത്തിന് ഇരയായെന്ന യുവതിയുടെ പരാതിയിൽ എട്ട് യുവതികൾക്കെതിരെ പൊലീസ് കേസെടുത്തു. കലൂർ ലിങ്ക് റോഡിൽ പ്രവർത്തിക്കുന്ന വനിതാഹോസ്റ്റലിലെ അന്തേവാസികൾക്കെതിരെയാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്. ഇതേ ഹോസ്റ്റലിൽ താമസിക്കുന്ന വയനാട് സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയുടെ പരാതിയിലാണ് പൊലീസിന്റെ നടപടി. ഹോസ്റ്റലിന് പുറത്ത് രാത്രിയിൽ യുവാക്കൾ തമ്മിൽ നടന്ന കയ്യാങ്കളിയുടെ പേരിൽ തന്നെ അടിക്കുകയും ചവിട്ടുകയും ആയുധം ഉപയോഗിച്ച് മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു എന്നാണ് യുവതിയുടെ പരാതി.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. എറണാകുളത്ത് ഒരു സ്ഥാപനത്തിലെ വിദ്യാർത്ഥിനിയാണ് പരാതിക്കാരിയായ യുവതി. പഠനത്തോടൊപ്പം ജോലിയും ചെയ്യുന്നുണ്ട്. ഇതിനാൽ രാത്രി 11മണിയാകുമ്പോഴാണ് ഇവർ ഹോസ്റ്റലിൽ തിരിച്ചെത്തിയിരുന്നത്. സംഭവത്തിന് ഏതാനും ദിവസംമുമ്പ് യുവതി എത്തിയതിന് പിന്നാലെ ഹോസ്റ്റലിന് പുറത്ത് യുവാക്കൾ തമ്മിൽ കൈയാങ്കളി നടന്നിരുന്നു.
ഈ അടിപിടി പരാതിക്കാരിയുടെ പേരിലായിരുന്നുവെന്ന് പ്രതികൾ ആരോപിച്ചു. ഇതിനെ ചോദ്യംചെയ്ത യുവതിയെ എട്ടുപേർ ചേർന്ന് ഹോസ്റ്റലിന് മുന്നിലെ പടിക്കെട്ടിൽ തടഞ്ഞുനിറുത്തി മർദ്ദിക്കുകയായിരുന്നു. അടിക്കുകയും ചവിട്ടുകയും ആയുധം ഉപയോഗിച്ച് മർദ്ദിച്ച് പരിക്കേൽപ്പിച്ചെന്നുമാണ് യുവതിയുടെ മൊഴി. കേസ് തുടരന്വേഷണത്തിനായി വനിതാ പൊലീസിന് കൈമാറും.
പ്രതികളുടെ മൊഴി വൈകാതെ രേഖപ്പെടുത്തും. അതേസമയം, ഇരുപത്തിരണ്ടുകാരിക്കെതിരെ പ്രതികളും പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്. യുവാക്കൾ എന്തിന് വന്നു, പരസ്പരം സംഘർഷമുണ്ടാക്കിയതിന് കാരണമെന്ത് തുടങ്ങിയ കാര്യങ്ങളും അന്വേഷണപരിധിയിൽ വരും