ഉറക്കമുണര്‍ന്നപ്പോള്‍ കുഞ്ഞിന്റെ മാല കാണാനില്ല
പൂന്തുറ: വീടിനകത്ത് ഉറങ്ങിക്കിടന്ന കുട്ടിയുടെ ആഭരണം കവരുകയും അമ്മയുടെ വസ്ത്രം കീറുകയും ചെയ്ത യുവാവ് പിടിയിൽ. മാണിക്യവിളാകം സമ്മില്‍ മോനെ(23)ആണ് പൂന്തുറ പൊലീസ് പിടികൂടിയത്.
കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിയതിന് പിന്നാലെയാണ് പ്രതി പിടിയിലായത്. കഴിഞ്ഞ 15ന് അര്‍ധരാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം.
വീടിനുള്ളില്‍ അതിക്രമിച്ച് കയറിയ പ്രതി ഉറങ്ങിക്കിടന്ന കുട്ടിയുടെ ഒരു പവന്‍ വരുന്ന മാല കവരുകയായിരുന്നു.
പിന്നാലെ അമ്മയുടെ വസ്ത്രം കത്രികകൊണ്ട് മുറിച്ചുമാറ്റുകയും ചെയ്ത ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ബീമാപളളി, മാണിക്യവിളാകം അടക്കമുളള മേഖലകളില്‍ സ്ഥാപിച്ചിട്ടുളള സിസിടിവികളില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ അറസ്റ്റുചെയ്തത്.
ഇയാൾ സ്ഥിരമായി ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന ആളാണെന്ന് പോലീസ് അറിയിച്ചു.
പെണ്‍സുഹൃത്തുമായി മോഷ്ടിച്ച കാറില്‍ കറക്കം
മൂവാറ്റുപുഴ: മോഷ്ടിച്ച കാറില്‍ പെണ്‍സുഹൃത്തുമായി കറങ്ങിയ യുവാവിനെ പോലീസ് പിടികൂടി. മൂവാറ്റുപുഴ മുളവൂര്‍ പൈനാപ്പിള്‍ സിറ്റി ഭാഗത്ത് പേണ്ടാണത്തു വീട്ടില്‍ അല്‍ സാബിത്ത് (20) ആണ് തിരുവനന്തപുരത്തു നിന്ന് പോലീസിന്റെ പിടിയിലായത്.
മൂവാറ്റുപുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍സുഹൃത്തും ഒന്നിച്ചായിരുന്നു യാത്രകള്‍ നടത്തിയിരുന്നത്.
കരുട്ടുകാവു ഭാഗത്തെ വീട്ടിലെ പോര്‍ച്ചില്‍ കിടന്ന കാര്‍ ജൂലായ് നാലിന് വെളുപ്പിന് മോഷ്ടിച്ച് തിരുവനന്തപുരത്ത് എത്തിച്ച് രൂപമാറ്റം വരുത്തിയാണ് ഉപയോഗിച്ചിരുന്നത്. വാഹനത്തിന് വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
39 ലക്ഷം രൂപ കുഴിച്ചിട്ട നിലയില്‍
കോഴിക്കോട്: പന്തീരാങ്കാവ് ഇസാഫ് ബാങ്കിന്റെ ജീവനക്കാരനിൽ നിന്നും തട്ടിയെടുത്ത പണം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. 39 ലക്ഷം രൂപയാണ് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.
പ്രതിയുടെ വീടിന്റെ അര കിലോമീറ്റർ അകലെയാണ് പൊലീസ് പണം കണ്ടെത്തിയത്. കഴിഞ്ഞ ജൂൺ 11നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
കേസിൽ പന്തീരങ്കാവ് സ്വദേശി ഷിബിൻ ലാലിനെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. എന്നാൽ ഇയാളിൽ നിന്ന് 50,000 രൂപ മാത്രമായിരുന്നു പൊലീസിന് കണ്ടെടുക്കാൻ സാധിച്ചത്.
തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് 39 ലക്ഷം രൂപ പ്രതിയുടെ വീടിന്റെ അര കിലോമീറ്റർ അകലെ നിന്ന് പൊലീസിനു ലഭിച്ചത്.
പന്തീരാങ്കാവിൽ ജൂൺ 11ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു മോഷണം നടന്നത്.
ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദ് എന്നയാളുടെ കയ്യിൽ നിന്നു പണം ഉൾപ്പെടുന്ന കറുത്ത നിറത്തിലുള്ള ബാഗാണ് ഷിബിൻ ലാൽ മോഷ്ടിച്ചത്. പന്തീരാങ്കാവിൽ നിന്ന് മാങ്കാവിലേക്കു പോകുന്ന റോഡിൽ അക്ഷയ ഫിനാൻസ് എന്ന സ്ഥാപനത്തിനു മുന്നിൽ വെച്ചായിരുന്നു മോഷണം.
മുക്കുപണ്ടം പണയം വെച്ച് പണം തട്ടി മുങ്ങി
കട്ടപ്പന: മുക്കുപണ്ടം പണയം വെച്ച് പണം തട്ടി മുങ്ങിയ സംഭവത്തിൽ പിടികിട്ടാപുള്ളിയായ യുവതിയെ പൊലീസ് പിടികൂടി. ബിനീത (49) എന്ന യുവതിയാണ് 19 വർഷത്തിന് ശേഷം പോലീസിന്റെ പിടിയിലായത്.
എറണാകുളത്തു നിന്നാണ് ഇവരെ പിടിയിലായത്. ഫെഡറൽ ബാങ്ക് കട്ടപ്പന ശാഖയിൽ 50 ഗ്രം മുക്കുപണ്ടം പണയം വെച്ച് 25,000 രൂപ തട്ടിയ ശേഷം മുങ്ങിയ കേസിലാണ് അറസ്റ്റ്.
2006 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസില്‍ അറസ്റ്റിലായ യുവതി ജ്യാമ്യത്തിൽ ഇറങ്ങിയതിനു പിന്നാലെ ഒളിവിൽ പോവുകയായിരുന്നു.
Summary: A 23-year-old youth was arrested by Poonthura Police for allegedly stealing jewelry from a sleeping child and assaulting the mother by tearing her clothes inside their house at Manikya Vilakam.