ആലപ്പുഴയിൽ സൂര്യതാപമേറ്റ് യുവാവ് മരിച്ചു. ആലപ്പുഴ ചെട്ടിക്കാട് ഇലക്ട്രീഷ്യനായ സുഭാഷിന്റെ മരണം സൂര്യാതപം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ചെട്ടിക്കാട് കെട്ടിട നിർമാണത്തിനിടെയാണ് പുത്തൻപുരയ്ക്കൽ സുഭാഷ് കഴിഞ്ഞദിവസം കുഴഞ്ഞു വീണ് മരിച്ചത്. സുഭാഷിന് ഹൃദയാഘാതമുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.
ഇലക്ട്രിക്കൽ ജോലികൾ ചെയ്യുമ്പോഴാണ് സുഭാഷ് കുഴഞ്ഞു വീണത്. വീടിന് പുറത്തായിരുന്നു ഈ സമയം സുഭാഷിന് ജോലി. കുഴഞ്ഞു വീണയുടൻ തന്നെ ഇദ്ദേഹത്തിന് ഹൃദയാഘാതവുമുണ്ടായെന്നാണ് വിവരം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് സൂര്യാതപവുമേറ്റതിന്റെ ഭാഗമായാണ് ഹൃദയാഘാതമുണ്ടായതെന്ന് കണ്ടെത്തിയത്. തുടർന്ന് ആശുപത്രി അധികൃതർ തന്നെ മരണം സൂര്യാതപമേറ്റാണെന്ന് അറിയിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.