ആ സല്യൂട്ടിൽ എന്തോ എവിടെയൊ ഒരു പന്തികേട് പോലെ; റെയിൽവെ പോലീസിൻ്റെ സംശയം തെറ്റിയില്ല
ആലപ്പുഴ: ട്രെയിനില്‍ സബ് ഇന്‍സ്‌പെക്ടറുടെ യൂണിഫോം ധരിച്ച് യാത്ര ചെയ്ത യുവാവ് പിടിയിലായി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അഖിലേഷ് (30) ആണ് പിടിയിലായത്. റെയില്‍വേ പൊലീസ് ആണ് ഇയാളെ പിടികൂടിയത്. ശനിയാഴ്ച പുലര്‍ച്ചെ ചെന്നൈ – ഗുരുവായൂര്‍ എക്‌സ്പ്രസിലാണ് സംഭവം നടന്നത്. കായംകുളം സ്റ്റേഷനില്‍ വച്ച് ട്രെയിനില്‍ പരിശോധന നടത്തുകയായിരുന്ന റെയില്‍വേ പൊലീസിന് തോന്നിയ സംശയമാണ് അഖിലേഷിനെ കുടുക്കിയത്.
എസ്‌ഐയുടെ യൂണിഫോമും തൊപ്പിയും തോളിലെ നക്ഷത്രവും കണ്ടപ്പോള്‍ റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ അഖിലേഷിനെ സല്യൂട്ട് ചെയ്തിരുന്നു. എന്നാല്‍ തിരിച്ച് അഖിലേഷ് നല്‍കിയ സല്യൂട്ടിലെ അപാകത കണ്ടതോടെയാണ് സംശയം തോന്നിയത്. തുടര്‍ന്ന് ഇയാളോട് കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കുകയായിരുന്നു. തൃശൂര്‍ ഇരങ്ങാലക്കുട പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐ ആണെന്നും അവിടേക്ക് പോകുകയാണെന്നുമാണ് ഇയാള്‍ റെയിൽവെ പോലീസിനോട് പറഞ്ഞത്.
ഉടനെ അവിടെ വിളിച്ച് കാര്യങ്ങള്‍ തിരക്കിയപ്പോള്‍ അങ്ങനെ ഒരാളില്ലെന്ന് മനസ്സിലായി. തുടര്‍ന്ന് ആലപ്പുഴ സ്റ്റേഷനിലെത്തിയപ്പോള്‍ അഖിലേഷ് താന്‍ എസ്‌ഐ അല്ലെന്ന കാര്യം സമ്മതിച്ചു.
ഒരു പിഎസ്‌സി പരീക്ഷ എഴുതാനായി തൃശൂരിലേക്ക് പോകുകയാണെന്നും ഇയാൾ വെളിപ്പെടുത്തി. തനിക്ക് പൊലീസില്‍ ചേരാന്‍ വലിയ ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാല്‍ അത് നടക്കാതെ വന്നതോടെയാണ് വിമുക്തഭടന്റെ മകന്‍ കൂടിയായ താന്‍ ഇങ്ങനെ ചെയ്തതെന്നും അഖിലേഷ് പറഞ്ഞു.
താന്‍ വീടിനുള്ളില്‍ എസ്‌ഐ വേഷത്തില്‍ നില്‍ക്കാറുണ്ടെന്നും ആദ്യമായിട്ടാണ് ഇത്തരത്തിൽ പുറത്തിറങ്ങിയതെന്നും യുവാവ് മൊഴി നല്‍കി. . പൊലീസിന്റെ ഔദ്യോഗികചിഹ്നവും വേഷവും ദുരുപയോഗം നടത്തിയതിന് കേസെടുത്ത് പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
A youth was arrested for traveling on a train wearing a Sub-Inspector’s uniform. The accused has been identified as Akhilesh (30), a native of Nedumangad in Thiruvananthapuram.