പെരുമ്പാവൂർ: പെൺസുഹൃത്തിന്റെ വീട്ടിലെത്തി യുവാവിന്റെ ആക്രമണം. കൊല്ലം പള്ളിമുക്ക് സ്വദേശി അനീഷാണ് ആക്രമണം നടത്തിയത്. വീടിന്റെ പോർച്ചിലിരുന്ന ബൈക്ക് ഇയാൾ തീവെച്ച് നശിപ്പിച്ചു.
ഇന്ന് പുലർച്ചെ രണ്ട് മണിക്കായിരുന്നു ആക്രമണം നടന്നത്. തീപടർന്ന് വീടിന്റെ ജനൽ പാളികളും ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്. ഇരിങ്ങോൾ കാവ് റോഡിൽ യുവതി വാടകയ്ക്ക് താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം.
എറണാകുളത്ത് മേയ്ക്കപ്പ് ആർട്ടിസ്റ്റായ യുവതിയും ഫർണിച്ചർ സ്ഥാപനം നടത്തിയിരുന്ന അനീഷും മുൻപ് സൗഹൃദത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. രാത്രി അനീഷ് യുവതിയുടെ വീട്ടിലെത്തിയ സമയത്താണ് മുറ്റത്ത് പരിചയമില്ലാത്ത ബൈക്ക് കണ്ടത്. തുടർന്ന് വിളിച്ചിട്ട് വാതിൽ തുറക്കാതിരിക്കുകയും ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്നും പോലീസ് പറഞ്ഞു.
ആക്രമണത്തെ തുടർന്ന് യുവതിയുടെ പരാതി പ്രകാരം സ്ഥലത്തെത്തിയ പെരുമ്പാവൂർ പൊലീസ് യുവാവിനെ വീടിന്റെ പരിസരത്ത് നിന്ന് ഇയാളെ പിടികൂടി.