വൈറലായി യുവതി പങ്കുവച്ച മുത്തശ്ശൻറെ സ്നേഹനിമിഷങ്ങൾ: വീഡിയോ
ബെംഗളൂരു സ്വദേശിനിയായ മേധ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ച കുടുംബത്തിലെ സ്നേഹനിമിഷങ്ങൾ വൈറലാകുന്നു.
കുടുംബവീട് നഗരത്തിൽ നിന്ന് ഏറെ അകലെയാണ്. താൻ വരുന്നതായി അറിയിച്ചാൽ, മുത്തച്ഛൻ ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുമെന്നതാണ് അവളുടെ അനുഭവം.
വീടും ബസ് സ്റ്റോപ്പും തമ്മിൽ വെറും 50 മീറ്റർ മാത്രം ദൂരമുണ്ടെങ്കിലും, പേരക്കുട്ടിയെ കൈപിടിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുക എന്നത് മുത്തച്ഛന് ഒരിക്കലും വിട്ടുകിട്ടാത്ത ശീലമാണ്.
കർണാടകയുടെ ഒരു ഉൾഗ്രാമത്തിലാണ് മേധയുടെ കുടുംബവീട്. ബസിൽ നിന്നുള്ള യാത്രയോടെയാണ് വീഡിയോ തുടങ്ങുന്നത്. ബസ് സ്റ്റോപ്പിലേക്ക് ബസ് എത്തുമ്പോഴേക്കും നടന്ന് വരുന്ന മുത്തച്ഛനെ വീഡിയോയിൽ കാണാം.
തുടർന്ന് മേധയുടെ ബാഗ് കൈയിൽ എടുത്ത് അദ്ദേഹം മുന്നേ നടക്കുന്നതും, വീടിന് സമീപം എത്തിയപ്പോൾ ഗേറ്റിനരികിൽ കാത്തുനിൽക്കുന്ന മുത്തശ്ശി സ്നേഹത്തോടെ പുഞ്ചിരിച്ച് അവളെ സ്വീകരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
“വീട് വെറും 50 മീറ്റർ അകലെയാണെങ്കിലും, എന്റെ മുത്തച്ഛൻ എപ്പോഴും എന്നെ കൂട്ടാൻ വരും” എന്ന കുറിപ്പോടെയാണ് മേധ വീഡിയോ പങ്കുവച്ചത്.
വൈറലായി യുവതി പങ്കുവച്ച മുത്തശ്ശൻറെ സ്നേഹനിമിഷങ്ങൾ: വീഡിയോ
നിമിഷങ്ങൾക്കുള്ളിൽ വീഡിയോ വൈറലായി. ഒരു കോടി പത്ത് ലക്ഷംത്തിലധികം പേർ ഇതിനകം വീഡിയോ കണ്ടുകഴിഞ്ഞു. ഇത് തങ്ങളെ പഴയ ഓർമ്മകളിലേക്ക് കൊണ്ടുപോയെന്ന് നിരവധി പേർ കമന്റുകളിൽ രേഖപ്പെടുത്തി.
മുത്തച്ഛനെയും മുത്തശ്ശിയെയും ഓർമ്മ വന്നുവെന്ന് ചിലർ എഴുതിയപ്പോൾ, വാക്കുകളിലല്ല, പ്രവർത്തിയിലൂടെയും നോട്ടത്തിലൂടെയും പ്രകടമാകുന്ന ശുദ്ധമായ സ്നേഹമാണിതെന്നായിരുന്നു മറ്റുചിലരുടെ പ്രതികരണം. ഇത്രയും സ്നേഹം അനുഭവിക്കാൻ കഴിയുന്നത് ഭാഗ്യമാണെന്നായിരുന്നു പലരുടെയും അഭിപ്രായം.
അച്ഛനും അമ്മയ്ക്കും മുകളിലായിരിക്കും പലപ്പോഴും മുത്തച്ഛന്മാരും മുത്തശ്ശിമാരും പേരക്കുട്ടികളോടുള്ള സ്നേഹത്തിൽ. പേരക്കുട്ടികൾ വീട്ടിലെത്തുമ്പോഴാണ് വീടിന് ശരിയായ അർഥത്തിൽ ജീവൻ വരുന്നതെന്ന് വിശ്വസിക്കുന്നവരാണ് അവർ.
എന്നാൽ ഇന്നത്തെ കാലത്ത് എല്ലാവർക്കും അത്തരമൊരു ഊഷ്മളമായ അനുഭവം ലഭിക്കണമെന്നില്ല. പല കുട്ടികളുടെയും മുത്തച്ഛന്മാരും മുത്തശ്ശിമാരും വൃദ്ധസദനങ്ങളിൽ കഴിയുന്ന യാഥാർഥ്യവും സമൂഹത്തിന് മുന്നിലുണ്ട്.
അത്തരം പശ്ചാത്തലത്തിലാണ് ഒരു യുവതി പങ്കുവച്ച കുടുംബസ്നേഹത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഹൃദയം കവർന്നത്.









