മലപ്പുറം: ജിലേബി തയ്യാറാക്കുന്ന പാത്രത്തിൽ വീണ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൊളത്തുപ്പറമ്പ് ചെറുപറമ്പിൽ ഷഹാന(24) ആണ് മരിച്ചത്.
കഴിഞ്ഞമാസം കണ്ണമംഗലത്തെ വിവാഹ വീട്ടിൽവച്ചാണ് ഷഹാനയ്‌ക്ക് അപകടം സംഭവിച്ചത്. അബദ്ധത്തിൽ ജിലേബി തയ്യാറാക്കുന്ന പാത്രത്തിലേക്ക് വീഴുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ ഷഹാനയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്. ഷഫീഖാണ് ഷഹാനയുടെ ഭർത്താവ്. ഷഹ്‌മാൻ ആണ് മകൻ.
കളമശേരിയിൽ വൈറൽ മെനിഞ്ചൈറ്റിസ്; 5 കുട്ടികൾ ആശുപത്രിയിൽ;പരീക്ഷകൾ മാറ്റി
കൊച്ചി: കളമശേരിയിൽ വൈറൽ മെനിഞ്ചൈറ്റിസ് ലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്ചു വിദ്യാർത്ഥികൾ ചികിത്സയിൽ തുടരുന്നു.
കളമശേരി സെൻ്റ് പോൾസ് ഇൻ്റർനാഷണൽ പബ്ലിക്ക് സ്കൂളിലെ 1, 2 ക്ലാസുകളിലെ വിദ്യാർത്ഥികളാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.
കടുത്ത പനിയും തലവേദനയും ഛർദിയുമാണ് ലക്ഷണങ്ങൾ. കഴിഞ്ഞ ശനിയാഴ്ച്ച മുതലാണ് കുട്ടികൾക്ക് ഈ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്.
നിലവിൽ ആരുടെയും നില ഗുരുതരമല്ല. ആരോഗ്യ വകുപ്പിന്റെ കർശന നിർദേശത്തെ തുടർന്ന് സ്കൂളിൽ അടുത്ത ദിവസം നടക്കേണ്ട പ്രൈമറിതല പരീക്ഷകൾ മാറ്റിവച്ചു.
സ്കൂൾ താത്കാലികമായി അടച്ചിടാൻ കളമശേരി നഗരസഭയും ആവശ്യപ്പെട്ടിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും എറണാകുളം ഡിഎംഒ പറഞ്ഞു. കുട്ടികളുടെ പരിശോധനാ ഫലം ഇന്ന് പുറത്ത് വന്നേക്കും.
വൈറൽ മെനിഞ്ചൈറ്റിസ് എന്നാൽ പ്രത്യേകതരം വൈറസ് മൂലമുണ്ടാകുന്ന മെനിഞ്ചുകളുടെ (തലച്ചോറിനും സുഷുമ്‌നാ നാഡിക്കും ചുറ്റുമുള്ള ഭാഗം) വീക്കം ആണ്.
എന്ററോവൈറസുകളും ഹെർപ്പസ് സിംപ്ലക്സ് വൈറസുകളുമാണ് കാരണം. തലവേദന, കഴുത്ത് വേദന, പനി, ഛർദ്ദി, മാനസിക മാറ്റങ്ങൾ എന്നിവയാണ് ലക്ഷണങ്ങൾ. മെനിഞ്ചൈറ്റിസിന്റെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അടിയന്തര ചികിത്സ തേടണം. ചിലതരം മെനിഞ്ചൈറ്റിസ് മാരകമായേക്കാം.