ബൈക്ക് കിണറ്റിലേക്ക് ഓടിച്ചിറക്കിയ യുവാവിനെ രക്ഷിക്കാൻ ഒന്നിനു പിറകേ ഒന്നായി കിണറ്റിലേക്കിറങ്ങിയ നാലു പേരുൾപ്പെടെ അഞ്ചുപേർ മരിച്ചു. ജാർഖണ്ഡ് ഹസാരിബാഗിലെ ചാർഹിയിലാണ് ദാരുണ സംഭവം നടന്നത്. ഭാര്യയുമായുള്ള വഴക്കിന് പിന്നാലെയാണ് 36 കാരനായ സുന്ദർ കർമാലി എന്ന യുവാവ് തന്‍റെ മോട്ടോർ സൈക്കിൾ ആൾമറയില്ലാത്ത കിണറ്റിലേക്ക് ഓടിച്ചിറക്കിയതെന്ന് ചാർഹി പൊലീസ് സ്റ്റേഷൻ ഓഫീസർ ഗൗതം കുമാർ പറഞ്ഞു. Young man drives bike into well after argument with wife
വാഹനത്തിലെ പെട്രോൾ കിണറ്റിലെ വെള്ളത്തിൽ കലർന്നു. സുന്ദറിനെ രക്ഷിക്കാൻ ഒന്നിനു പിറകേ ഒന്നായി നാല് പേർ കിണറ്റിൽ ഇറങ്ങി. അഞ്ചു പേരും കിണറിനുള്ളിൽ മരിച്ചു. സുന്ദർ കർമാലിക്ക് പുറമെ രാഹുൽ കർമാലി (30), ബിഷ്ണു കർമാലി (28), പങ്കജ് കർമാലി (26), സൂരജ് ഭൂയാൻ (26) എന്നിവരാണ് മരിച്ചത്.
പൊലീസെത്തി എല്ലാവരെയും ചാർഹി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും എല്ലാവരും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. കിണറ്റിലെ വിഷ വാതകം ശ്വസിച്ചതാവാം മരണ കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കിണറ്റിലെ വിഷ വാതക സാന്നിധ്യം ഇവർ അറിഞ്ഞിരുന്നില്ല.