തൃശ്ശൂര്‍: റോഡിലെ കുഴിയില്‍ വീഴാതിരിക്കാനായി ബൈക്ക് വെട്ടിച്ച യുവാവ് സ്വകാര്യ ബസ് കയറി മരിച്ചു. തൃശ്ശൂര്‍ പൂങ്കുന്നം സ്വദേശി വിഷ്ണുദത്ത് (32) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന അമ്മ പത്മിനിയെ ഗുരുതര പരിക്കുകളോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ഷേത്ര ദര്‍ശനത്തിന് പോകുമ്പോഴാണ് അപകടം നടന്നത്.
ഇന്ന് രാവിലെ 7:45 ഓടെയാണ് സംഭവം. തൃപ്രയാര്‍ റൂട്ടിലോടുന്ന ബസിടിച്ചാണ് അപകടം ഉണ്ടായത്. കുഴിയില്‍പ്പെടാതിരിക്കാന്‍ വിഷ്ണുദത്ത് സ്‌കൂട്ടര്‍ വെട്ടിച്ചപ്പോള്‍ റോഡില്‍ വീഴുകയായിരുന്നു. ഉടൻ തന്നെ പിന്നാലെ എത്തിയ ബസ് വിഷ്ണുദത്തിനും അമ്മയ്ക്കും മുകളിലൂടെ കയറി ഇറങ്ങി.
അപകടം നടന്ന റോഡില്‍ നിരവധി കുഴികളുണ്ട്. ഇത് അടക്കാന്‍ നാട്ടുകാരും കൗണ്‍സിലര്‍മാരും നിരവധി തവണ ആവശ്യപ്പെട്ടിട്ടും കോര്‍പ്പറേഷന്‍ യാതൊരു വിധ നടപടിയെടുത്തില്ലെന്നാണ് പരാതി.
സംഭവത്തിന് പിന്നാലെ കോണ്‍ഗ്രസും ബിജെപിയും നാട്ടുകാരും പ്രതിഷേധം നടത്തി. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ റോഡില്‍ കിടന്ന് ഉപരോധിച്ചു.
ഇതേ കുഴിയില്‍ വീണ് നിരവധി വാഹനങ്ങള്‍ നേരത്തെ അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു.
സമീപത്തുള്ള മറ്റൊരു കുഴിയില്‍ വീണ് ഒരു സ്ത്രീയും അടുത്തിടെ മരിച്ചിരുന്നു. തൃശ്ശൂര്‍ നഗരത്തിലെ ഒരു ഫാര്‍മസിയിലെ ജീവനക്കാരനായിരുന്നു വിഷ്ണു.
Summary: Vishnudath (32), a native of Poonkunnam, Thrissur, died after a private bus ran over him while he swerved his bike to avoid a pothole on the road.