യുകെയിൽ മതത്തിൽ വിശ്വസിക്കാത്തവരുടെ എണ്ണത്തില്‍ അടിക്കടി വർധനവാണ് ഉണ്ടാകുന്നത്. യുകെയില്‍ പള്ളിയില്‍ പോകുന്നവരുടെ എണ്ണത്തില്‍ വലിയ ഇടിവാണ് കഴിഞ്ഞ ദശകത്തില്‍ രേഖപ്പെടുത്തിയത്. ഇവിടങ്ങളിലെ പല ക്രിസ്ത്യന്‍ പള്ളികളിലേക്കും വിശ്വാസികളെത്താതെയായി.
കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ മതമില്ലെന്ന് കരുതുന്നവരുടെ സംഖ്യ 25 ശതമാനത്തില്‍ നിന്നും 37 ശതമാനത്തിലേക്കാണ് കുതിച്ചുയര്‍ന്നത്. എന്നാൽ ഇതിനു പരിഹാരമായി ഒരു യുവാവിന്റെ തലയിലുദിച്ച ബുദ്ധി ഇപ്പോൾ വൈറലായിരിക്കുകയാണ്.
37 -കാരനായ കരിസ്മാറ്റിക് വ്യക്തിയായ ഗേരേത്ത് തോംപ്സണ്‍ എന്ന യുവാവാണ് പുതിയൊരു അടവുമായി രംഗത്തെത്തിയത്. റെസ്‍ലിംഗ് ചര്‍ച്ച് എന്നതാണ് ഇയാളുടെ ആശയം. സംഗതി വമ്പൻ ഹിറ്റാണ് എന്നാണ് യുവാവ് പറയുന്നത്. വടക്കന്‍ ഇംഗ്ലണ്ടിലെ ഷിപ്ലി നഗരത്തിലെ സെന്‍റ്. പീറ്റേഴ്സ് ആംഗ്ലിക്കന്‍ ചര്‍ച്ചാണ് ഇയാൾ ഇത്തരത്തിൽ റെസ്‍ലിംഗ് ചര്‍ച്ച് ആക്കി മാറ്റിയത്.
2011 -ലാണ് ഗോരേത്ത് തോംപ്സണ്‍ ക്രിസ്തുമതം സ്വീകരിച്ചത്. 2022 -ല്‍ അദ്ദേഹം ഒരു നൈറ്റ് ക്ലബ് വാങ്ങി, സെന്‍റ് പീറ്റേഴ്സ് പള്ളിയാക്കി മാറ്റുകയായിരുന്നു. പള്ളിയിലെത്തിയാല്‍ യുവാവിന്റെ വക ഒരു ചെറിയ പ്രസംഗവും അതിന് ശേഷം പ്രാര്‍ത്ഥനയും നടക്കും. പിന്നാലെ രണ്ട് മണിക്കൂര്‍ നീളുന്ന ഗംഭീര ഗുസ്തി മത്സരമാണ്.
ഇന്ന് തോംപ്സണിന്‍റെ പള്ളിയില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും റെസ്‍ലിംഗ് പരിശീലനമുണ്ട്. ഒപ്പം സ്ത്രീകൾക്ക് പ്രത്യേക പ്രതിരോധ ക്ലാസുകളും. പള്ളിയില്‍ റെസ്‍ലിംഗ് ഉള്ള ദിവസങ്ങളില്‍ ഏതാണ്ട് 200 പേരാണ് എത്താറുള്ളതെന്നും റിപ്പോർട്ടുകളുണ്ട്.
പക്ഷെ സംഗതി വിജയം കണ്ടെന്നാണ് ഗേരേത്ത് തോംപ്സണ്‍ അവകാശപ്പെടുന്നത്. പള്ളി സ്ഥാപിച്ച ആദ്യ വര്‍ഷം തന്നെ 30 ഓളം പേര് ജ്ഞാനസ്നാനം ചെയ്ത് ക്രിസ്തുമതം സ്വീകരിച്ചെന്നും അദ്ദേഹം അവകാശപ്പെടുന്നു. പ്രൊഫഷണല്‍ റെസ്‍ലിംഗും യേശുവുമാണ് തന്നെ രക്ഷിച്ചതെന്നാണ് പാസ്റ്റര്‍ ഗോരേത്ത് തോംപ്സണ്‍ അവകാശപ്പെടുന്നത്.