തിരുവനന്തപുരം: കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ക്ക് ഇനി കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ഭാഷ അറിയാതെ നട്ടം തിരിയേണ്ടി വരില്ല.You don’t have to turn around without knowing the language to ask questions
നിര്‍മിത ബുദ്ധിയില്‍ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ കിയോസ്‌കുകള്‍ സ്വന്തം ഭാഷയില്‍ അവര്‍ക്ക് മറുപടി കൊടുക്കും.
വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാന്‍ ആലോചിക്കുന്ന കാര്യം മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയില്‍ അറിയിച്ചു.
ഇത്തരം കിയോസ്‌കുകള്‍ വഴി വിദേശികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് അവരവരുടെ സ്വന്തം ഭാഷയില്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ഏത് ഭാഷയില്‍ ചോദ്യങ്ങള്‍ ചോദിച്ചാലും അതേ ഭാഷയില്‍ കിയോസ്‌കുകള്‍ മറുപടി പറയും.
വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നൂതന സാങ്കേതികവിദ്യയെ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം സംരംഭങ്ങള്‍ ആരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
വടക്കന്‍ കേരളത്തിലെ വിനോദസഞ്ചാര മേഖലക്ക് ഉണര്‍വേകാന്‍ വ്‌ലോഗര്‍മാരുടെ മീറ്റ് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് എത്തുന്ന വിനോദസഞ്ചാരികളില്‍ ആറ് ശതമാനം മാത്രമാണ് വടക്കന്‍ കേരളത്തില്‍ എത്തുന്നത്.
വയനാട്ടില്‍ മാത്രമാണ് ഇതില്‍ ചെറിയ വ്യത്യാസമുള്ളത്. ഇത് പരിഹരിക്കാന്‍ ആണ് വ്‌ലോഗേഴ്സ് മീറ്റ് സംഘടിപ്പിക്കുന്നത്. ദേശീയ, അന്തര്‍ദേശീയ തലത്തിലുള്ള വ്‌ലോഗര്‍മാരെ വടക്കന്‍ ജില്ലകളില്‍ എത്തിച്ച് ടൂറിസം ഡെസ്റ്റിനേഷനുകളെക്കുറിച്ച് വീഡിയോകള്‍ ചെയ്യിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇത് ഈ പ്രദേശങ്ങളിലെ ടൂറിസത്തിനു വലിയ ഉണര്‍വേകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയില്‍ പറഞ്ഞു.