അതിർത്തി കടക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം. വൻ വിജയമായി മാറിയതോടെ അയൽസംസ്ഥാനങ്ങളിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്താനുള്ള സാധ്യതകൾ തേടുകയാണ് കെ.എസ്.ആർ.ടി.സി. ആദ്യ ഘട്ടത്തിൽ തമിഴ്‌നാട്ടിലേക്കും കർണാടകയിലേക്കും സർവീസ് നടത്താനാണ് നീക്കം. ഇത്തരം സർവീസുകൾ രണ്ട് രീതിയിൽ നടപ്പിലാക്കാനാണ് കെ.എസ്.ആർ.ടി.സി ആലോചിക്കുന്നത്. ഒന്നാമത്തേത് താൽക്കാലിക പെർമിറ്റ് എടുത്ത ശേഷം അന്യസംസ്ഥാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് നേരിട്ട് സർവീസാണ്. രണ്ടാമത്തേത് സംസ്ഥാന അതിർത്തി വരെ കെ.എസ്.ആർ.ടി.സിയിൽ സർവീസ് നടത്തി അവിടെ നിന്ന് അതാതു സംസ്ഥാനങ്ങളിലെ ഔദ്യോഗിക ഗതാഗത സംവിധാനവുമായി യോജിച്ച് യാത്ര പൂർത്തിയാക്കുന്ന രീതിയും.
കൊടൈക്കനാൽ, ഊട്ടി, രാമേശ്വരം, വേളാങ്കണ്ണി, കന്യാകുമാരി എന്നീ കേന്ദ്രങ്ങളാണ് ആദ്യം പരിഗണിക്കുന്നത്. വിവിധ ഡിപ്പോകളിൽ നിന്ന് മൂകാംബികയ്ക്കും കന്യാകുമാരിക്കും കെ.എസ്.ആർ.ടി.സി ഇത്തരം സർവീസുകൾ നടത്തുന്നുണ്ട്. എന്നാൽ ഈ സർവീസുകൾക്ക് ഒരു ഏകീകൃത രൂപം ഇപ്പോഴും വന്നിട്ടില്ല.
ബജറ്റ് ടൂറിസത്തിന്റെ അന്തർസംസ്ഥാന വിപൂലീകരണ പഠനം നടക്കുന്നുണ്ടെന്നും പ്രായോഗികതയിലേക്ക് എത്തിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നും കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സംസ്ഥാന കോ-ഓർഡിനേറ്റർ സുനിൽകുമാർ പറഞ്ഞു.
തുടക്കം മുതൽ സൂപ്പർഹിറ്റായി മാറിയ ബജറ്റ് ടൂറിസം യാത്രയിൽ നിന്ന് ഇതുവരെ നേടാനായത് 39 കോടി രൂപയാണ്. 5.95 ലക്ഷം പേർ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്തു. 10,500 സർവീസുകളാണ് ഇതുവരെ നടത്തിയത് .
തിരുവനന്തപുരത്ത് ആരംഭിച്ച സിറ്റി ടൂർ സർവീസും ജനങ്ങൾ ഏറ്റെടുത്തിരുന്നു. തലസ്ഥാനത്തെ മാതൃകയിൽ കൊച്ചിയിലും കോഴിക്കോടും സമാന ആശയം നടപ്പിലാക്കാനും കെ.എസ്.ആർ.ടി.സിക്ക് പദ്ധതിയുണ്ട്. ഡബിൾ ഡക്കർ ബസിലെ യാത്രയ്ക്ക് കൊച്ചിയിലും കോഴിക്കോടും വലിയ സ്വീകാര്യത കിട്ടുമെന്നാണ് പ്രതീക്ഷ.