റസ്ലിങ് ഇതിഹാസം ഹള്‍ക്ക് ഹോഗന്‍ അന്തരിച്ചു
ഫ്‌ളോറിഡ: ഡബ്ല്യുഡബ്ല്യുഇ ഗുസ്തി താരം ഹള്‍ക്ക് ഹോഗന്‍ അന്തരിച്ചു. 71 വയസ്സിലാണ് അന്ത്യം സംഭവിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ഫ്‌ളോറിഡയിലെ ക്ലിയര്‍വാട്ടറിലുള്ള ഹോഗന്റെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.
ഹോഗന്റെ വീട്ടില്‍ നിന്ന് ഹൃദയസ്തംഭനം സംബന്ധിച്ച് എമര്‍ജന്‍സി ഫോണ്‍ കോള്‍ വന്നിരുന്നതായി ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. ഹോഗന്‍ കോമയിലാണെന്ന അഭ്യൂഹങ്ങള്‍ അദ്ദേഹത്തിന്റെ ഭാര്യ സ്‌കൈ തള്ളിക്കളഞ്ഞ് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് മരണം സംബന്ധിച്ച വാർത്ത പുറത്തു വരുന്നത്.
ആഴ്ചകള്‍ക്ക് മുൻപ് ഹള്‍ക്കിന്റെ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞിരുന്നു. ശസ്ത്രക്രിയ്ക്കുശേഷം അദ്ദേഹം സുഖം പ്രാപിച്ചു വരികയാണെന്നും ഭാര്യ അറിയിച്ചിരുന്നു.
1980-കളിലും 1990-കളിലും സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ന്ന ഗുസ്തി താരമാണ് ഹള്‍ക്ക് ഹോഗന്‍. ടെറി ബോളിയ എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ഥ നാമം.
തന്റെ അതിമാനുഷിക വ്യക്തിത്വം, സമാനതകളില്ലാത്ത ആരാധകവൃന്ദം എന്നിവകൊണ്ട് ഡബ്ല്യുഡബ്ല്യുഇയെ ലോകമെമ്പാടും ജനകീയമാക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഒട്ടേറെ ചാമ്പ്യന്‍ഷിപ്പുകളും അദ്ദേഹം നേടിയിട്ടുണ്ട്.
Summary: WWE wrestling legend Hulk Hogan passes away at the age of 71. He died early Thursday morning at his residence in Clearwater, Florida, leaving fans around the world in mourning.