15 മാസം; 55 രാജ്യങ്ങൾ പിന്നിട്ട് കൊച്ചിക്കാരൻ്റെ സൈക്കിൾ യാത്ര
കോലഞ്ചേരി ∙ പതിനഞ്ച് മാസത്തിനിടെ 55 രാജ്യങ്ങൾ പിന്നിട്ട് തൃപ്പൂണിത്തുറ അമ്പലമുകൾ സ്വദേശി അരുൺ തഥാഗതന്റെ സൈക്കിൾ യാത്ര ലോകമെമ്പാടും ശ്രദ്ധേയമാകുന്നു.
ഇപ്പോൾ വടക്കൻ യൂറോപ്പിലെ എസ്റ്റോണിയയിലൂടെയാണ് 42കാരന്റെ യാത്ര തുടരുന്നത്.
ഇനി 15 രാജ്യങ്ങൾ കൂടി പിന്നിട്ട് റഷ്യ, ചൈന, നേപ്പാൾ വഴി 2026 ആഗസ്റ്റിൽ ഇന്ത്യയിൽ മടങ്ങിയെത്താനാണ് പദ്ധതിയെന്ന് അരുൺ പറയുന്നു.
2024 ജൂലൈ 22-ന് പാരീസിലെ ഒളിമ്പിക് വേദിയിൽ നിന്നാണ് യാത്ര ആരംഭിച്ചത്.
ഇതിനകം ഇറ്റലി, ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, ജർമ്മനി, ലക്സംബർഗ്, ക്രൊയേഷ്യ, സ്ളോവാക്യ, ഹംഗറി, റൊമാനിയ, ബൾഗേറിയ, സ്പെയിൻ, അൻഡോറ, പോർച്ചുഗൽ, സെർബിയ തുടങ്ങി നിരവധി രാജ്യങ്ങൾ പിന്നിട്ടു.
യൂറോപ്യൻ യൂണിയന്റെ രണ്ടുവർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ ലഭിച്ചതും യാത്ര സുഗമമാക്കാൻ സഹായിച്ചു.
എറണാകുളം കളക്ടറേറ്റിലെ റവന്യു ഓഫീസിൽ സീനിയർ ക്ലാർക്കായ അരുൺ, രണ്ട് വർഷത്തെ അവധിയെടുത്താണ് യാത്ര തുടരുന്നത്.
യു.എസിൽ നിന്ന് ഇറക്കുമതി ചെയ്ത, രണ്ട് ലക്ഷം രൂപ വിലയുള്ള സർളി സൈക്കിളാണ് യാത്രയ്ക്ക് കൂട്ടായി.
40 ലക്ഷം രൂപ ചെലവാകുമെന്നാണ് കണക്കുകൂട്ടൽ. ഇതിനായി 10 ലക്ഷം വായ്പയും എടുത്തിട്ടുണ്ട്.
ദിവസം ശരാശരി 50 കിലോമീറ്റർ സൈക്കിൾ യാത്രയാണ് അരുൺ നടത്തുന്നത്.
പഴങ്ങൾ, പച്ചക്കറികൾ, ജ്യൂസുകൾ എന്നിവയാണ് പ്രധാന ഭക്ഷണം. സൈക്കിൾ യാത്രക്കാർക്ക് സൗകര്യമുള്ള ക്യാമ്പ് ഹൗസുകളിലാണ് കൂടുതലായും താമസം.
2019-ലും അദ്ദേഹം ദീർഘസൈക്കിൾ യാത്ര നടത്തിയിരുന്നു. അന്ന് മ്യാൻമർ, തായ്‌ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ, കംബോഡിയ, ലാവോസ് എന്നിവിടങ്ങളായിരുന്നു സന്ദർശിച്ചത്. അതിനുശേഷം ലോകസഞ്ചാരത്തിനുള്ള ആഗ്രഹം കൂടുതൽ ശക്തമായി.
സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ള അരുൺ, ഗൗതമ ബുദ്ധനോടുള്ള ആഴത്തിലുള്ള ആദരവ് കൊണ്ടാണ് തന്റെ പേരിനൊപ്പം “തഥാഗതൻ” ചേർത്തത്.
യാത്രയിൽ മനുഷ്യരുടെ കരുണയും സൗഹൃദവും ഏറെ അനുഭവിക്കാനായതായി അദ്ദേഹം പറയുന്നു. “ഇത്രയും ദൂരം പിന്നിട്ടിട്ടും മോശമായ അനുഭവങ്ങൾ ഒന്നും നേരിട്ടിട്ടില്ല.
ആളുകളുടെ ചിരിയും സഹായവും ലോകം സുന്ദരമാണെന്ന് തിരിച്ചറിയാൻ മതിയാകുന്നു,” – എന്ന് അരുൺ പങ്കുവെച്ചു.
2026 ആഗസ്റ്റോടെ റഷ്യ, ചൈന, നേപ്പാൾ വഴിയുള്ള യാത്ര പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചെത്തുകയാണ് ലക്ഷ്യം.
“ഓരോ ദിവസവും പുതിയൊരു പാഠമാണ്. ലോകം കണ്ടറിയാനും, ജീവിതത്തെ ലളിതമാക്കാനും, ആത്മീയമായി വളരാനുമാണ് ഈ യാത്ര,” – എന്ന് അരുൺ പറയുന്നു.
തൃപ്പൂണിത്തുറ അമ്പലമുകൾ പാറേക്കാട്ടിൽ നാരായണന്റെയും തങ്കമണിയുടെയും മകനായ അരുൺ, തന്റെ ജീവിതം സാഹസികമായൊരു പഠനയാത്രയാക്കി മാറ്റുകയാണ്.
ലോകം കണ്ടറിയാനുള്ള അദ്ദേഹത്തിന്റെ അഭിലാഷം, ഇന്നത്തെ തലമുറയ്‌ക്കൊരു പ്രചോദനമാണ്.
English Summary :
Thripunithura native Arun Tathagatan continues his world bicycle journey, covering 55 countries in 15 months. Now in Estonia, he plans to return to India by August 2026 after cycling through 70 countries.
world-bicycle-journey-arun-tathagatan-estonia-55-countries
Arun Tathagatan, Kerala cyclist, world bicycle journey, Thripunithura news, Estonian travel, Kerala globetrotter, cycling adventure, inspirational stories, Indian cyclist, world tour on cycle