കൽപറ്റ: കാട്ടുപന്നികള്‍ ഓഫീസിലേക്ക് കയറുന്നത് തടയുന്നതിനിടെ വഴുതി വീണ് സ്ത്രീയ്ക്ക് പരിക്കേറ്റു. വയനാട് കുമ്പറ്റയില്‍ ആണ് സംഭവം. കുമ്പറ്റ മില്‍ക്ക് സൊസൈറ്റി ജീവനക്കാരിയായ റസിയക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം നടന്നത്. കാട്ടുപന്നികള്‍ സ്ഥാപനത്തിലേക്ക് കയറുന്നത് തടയാനായി റസിയ ഷട്ടർ ഇടാൻ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. വഴുതി വീണ റസിയയുടെ തലയ്ക്ക് മുറിവേൽക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ തലയിൽ ആറു തുന്നൽ ഇട്ടിട്ടുണ്ട്.
അതേസമയം കണ്ണൂരിൽ കാട്ടുപന്നി ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. കുറ്റൂർ വെള്ളരിയാനം സ്വദേശി ജയചന്ദ്രനാണ് പരിക്കേറ്റത്. കാലിനു ഗുരുതര പരിക്കേറ്റ ഇയാൾ കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. റബ്ബർ ടാപ്പിങ്ങിനിടെ ഇന്ന് രാവിലെ ആയിരുന്നു കാട്ടുപ്പണിയുടെ ആക്രമണം ഉണ്ടായത്.