തൊടുപുഴ: കട്ടപ്പന-കുട്ടിക്കാനം റോഡിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് സ്ത്രീ മരിച്ചു. ഉപ്പുതറ ചീന്തലാർ സ്വദേശി സ്വർണ്ണമ്മയാണ് മരിച്ചത്. ഇന്ന് രാവിലെ നടന്ന അപകടത്തിൽ ഗുരതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മലയോര ഹൈവേയിൽ കട്ടപ്പന-കുട്ടിക്കാനം റൂട്ടിൽ ചിന്നാർ നാലാം മൈലിൽ ആണ് അപകടം നടന്നത്. ബസിൻറെ വാതിലിന് സമീപത്തായി നിന്നിരുന്ന സ്ത്രീ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു എന്ന് സഹ യാത്രികർ പറയുന്നു. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. തലയ്ക്ക് ഉൾപ്പെടെ ഗുരുതരമായ മുറിവുകളുണ്ടായിരുന്നു. അപകടകാരണം അന്വേഷിക്കാൻ നിർദേശം നൽകിയതായി കെഎസ്ആർടിസി അധികൃതർ അറിയിച്ചു