തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് സുഹൃത്ത് തീ കൊളുത്തിയ സ്ത്രീ മരിച്ചു. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേ ജി. സരിത (46)യാണ് മരിച്ചത്. ആക്രമണത്തിനിടെ പൊള്ളലേറ്റ കേസിലെ പ്രതി ബിനു (50)വും ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാത്രി 8.30നായിരുന്നു സംഭവം. ആക്ടീവ സ്‌കൂട്ടറിലാണ് ബിനു സരിതയുടെ വീട്ടിലെത്തിയത്. കന്നാസിൽ 5 ലിറ്റർ പെട്രോളുമായിട്ടാണ് ഇയാൾ എത്തിയത്. ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായെന്നും ഇതിനിടെ സരിതയുടെ ശരീരത്തിൽ പെട്രോളൊഴിച്ച് ബിനു കത്തിക്കുകയുമായിരുന്നു. തുടർന്ന് ബനു സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തി. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ദേഹമാസകലം പൊള്ളലേറ്റ നിലയിൽ സരിതയെ കണ്ടെത്തിയത്.
ഉടൻ ചാക്കും തുണികളും പുതപ്പിച്ച് തീ കെടുത്തി. തുടർന്ന് ആംബുലൻസിൽ സരിതയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഈ സമയം വീടിന്റെ പിറകിൽ ദേഹമാസകലം തീപിടിച്ച നിലയിൽ നിൽക്കുന്ന ബിനുവിനെ നാട്ടുകാർ കണ്ടെത്തി. അതിനിടെ ഇയാൾ വീട്ടിലെ കിണറ്റിലേക്ക് ചാടി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കഴക്കൂട്ടം ഫയർഫോഴ്‌സെത്തിയാണ് ഇയാളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ബിനു എ.സി മെക്കാനിക്കാണ്. സ്വകാര്യ സ്‌കൂൾ ബസിലെ ആയയായി ജോലി ചെയ്യുകയാണ് സരിത. ഇവർക്ക് ഡിഗ്രിക്ക് പഠിക്കുന്ന മകളുണ്ട്. പ്രതിയുടെ രണ്ടു മക്കളും സരിത ജോലി ചെയ്യുന്ന സ്‌കൂളിലാണ് പഠിക്കുന്നത്. ഇവർ തമ്മിൽ ദീർഘനാളത്തെ പരിചയമുണ്ടെന്ന് നാട്ടുകാർ പൊലീസിനോട് പറഞ്ഞു. സരിതയുടെ ഭർത്താവ് 10 വർഷം മുമ്പാണ് മരിച്ചത്.
Read Also: ഇസ്രയേലില്‍ മിസൈൽ ആക്രമണം; കൊല്ലം സ്വദേശി കൊല്ലപ്പെട്ടു, രണ്ട് മലയാളികൾക്ക് പരിക്ക്