യുകെയില്‍ വര്‍ക്ക് വിസ വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്നും തട്ടിയത് 13 ലക്ഷം രൂപ; കോട്ടയം സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ
തൃശ്ശൂർ: യുകെയിൽ വർക്ക് വിസ വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് 13 ലക്ഷം രൂപ തട്ടിയ കേസിൽ കോട്ടയം സ്വദേശികളായ രണ്ടു പേർ പിടിയിൽ. അരിമ്പൂർ സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കോട്ടയം ഏറ്റുമാനൂർ നീലിമംഗലം കൃഷ്ണകൃപാസാഗരം വീട്ടിൽ രഞ്ജിത (33), കോട്ടയം ചെന്നാനിക്കാട് മുറ്റുത്തറ വീട്ടിൽ അനൂപ് വർഗീസ് (36) എന്നിവരാണ് അറസ്റ്റിലായത്.
തൃശ്ശൂർ റൂറൽ എസ്.പി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്തിക്കാട് പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
രഞ്ജിതയെ കൊച്ചി ഇടപ്പള്ളിയിൽ നിന്നുമാണ് പിടികൂടിയത്. അനൂപിനെ കോട്ടയത്തിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
യുകെയിൽ കെയർ അസിസ്റ്റന്റ് നഴ്സ് ജോലിക്കായി ശ്രമിച്ചിരുന്ന പരാതിക്കാരി നിരവധി ഏജൻസികളിലേക്ക് സിവി അയച്ചിരുന്നു. ഇടപ്പള്ളി ദേവൻകുളങ്ങര ചങ്ങമ്പുഴ പാർക്ക് റോഡിൽ പ്രതികൾ ഏജൻസി നടത്തി വരികയായിരുന്നു.
2023 സെപ്റ്റംബർ 23 മുതൽ 2024 ഫെബ്രുവരി 27 വരെയുള്ള കാലയളവിലാണ് പരാതിക്കാരി 13 ലക്ഷം രൂപ കൈമാറിയത്. എന്നാൽ, വിസ ലഭിക്കാതെ ഏറെ നാൾ കഴിഞ്ഞതോടെ സംശയം ഉയർന്നു.
പിന്നീട് തെറ്റായ രേഖകൾ നൽകിയതിനാൽ പത്ത് വർഷത്തേക്ക് യുകെയിൽ പ്രവേശനം വിലക്കിയതായി യുവതിക്ക് ഇ-മെയിൽ ലഭിച്ചു. ഇതോടെയാണ് താൻ വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കി യുവതി പരാതി നൽകിയത്.
അറസ്റ്റിലായ രഞ്ജിതയ്ക്കെതിരെ മുമ്പും എറണാകുളം തൃക്കാക്കര, തൃശ്ശൂർ, ഒല്ലൂർ പോലീസ് സ്റ്റേഷനുകളിൽ തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
നിങ്ങൾക്ക് അമിതഭാരം ഉണ്ടോ…? വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ഇനി പോക്കറ്റ് കാലിയാകും; പുതിയ മാറ്റവുമായി ഈ എയർലൈൻസ് …!
വാഷിങ്ടൺ: അമിതഭാരമുള്ള യാത്രക്കാരിൽ നിന്ന് അധിക സീറ്റിനായി പണം ഈടാക്കുന്ന പുതിയ നയം പ്രഖ്യാപിച്ച് സൗത്ത്‌വെസ്റ്റ് എയർലൈൻസ്.
വിമാനത്തിലെ ഇരിപ്പിടത്തിന്റെ കൈത്താങ്ങുകൾക്കിടയിൽ സൗകര്യത്തോടെ ഇരിക്കാൻ കഴിയാത്തവർക്ക് മാത്രമാണ് ഈ നിയമം ബാധകമാകുന്നത്. അധിക സീറ്റിനായി യാത്രക്കാർ മുൻകൂറായി പണം അടയ്ക്കേണ്ടതുണ്ടാകും.
എന്നാൽ, വിമാനം പുറപ്പെടുമ്പോൾ ഒഴിഞ്ഞ സീറ്റുകൾ ഉണ്ടെങ്കിൽ മാത്രം ആ തുക തിരികെ നൽകുമെന്ന് കമ്പനി അറിയിച്ചു. ഈ നയം 2026 ജനുവരി 27 മുതൽ പ്രാബല്യത്തിൽ വരും.
അമേരിക്കൻ ജനസംഖ്യയിലെ ഏകദേശം 74 ശതമാനം പേരും അമിതവണ്ണമുള്ളവരോ പൊണ്ണത്തടിയുള്ളവരോ ആണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
ഇതിൽ 43 ശതമാനം പേർ അമിതവണ്ണക്കാർ ആണെന്നും സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) പറയുന്നു. വിമാനക്കമ്പനികൾ ഇത്തരം നയങ്ങൾ ആവിഷ്‌കരിക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്.
ഫ്രോണ്ടിയർ എയർലൈൻസ്, സ്പിരിറ്റ് എയർലൈൻസ് പോലുള്ള ചില അമേരിക്കൻ വിമാനക്കമ്പനികൾക്കും സമാനമായ നയങ്ങൾ നിലവിലുണ്ടെങ്കിലും, സൗത്ത്‌വെസ്റ്റിന്റെ തീരുമാനം കൂടുതൽ കർശനമായതാണ്.