അമ്മയോട് പിണങ്ങി തീവണ്ടിക്ക് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച് യുവതി
പൊയിനാച്ചി (കാസർകോട്): അമ്മയോട് ഉണ്ടായ ചെറിയ വാക്കുതർക്കത്തെ തുടർന്ന് വീട്ടിൽ നിന്നിറങ്ങി തീവണ്ടിക്ക് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെ മേൽപ്പറമ്പ് പൊലീസ് സമയോചിതമായ ഇടപെടലിലൂടെ അരമണിക്കൂറിനകം രക്ഷപ്പെടുത്തി.
രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ അമ്മയായ കളനാട് ഗ്രാമത്തിലെ 27 കാരിയാണ് ബന്ധുക്കളെയും പൊലീസിനെയും ആശങ്കയിലാഴ്ത്തിയത്.
ഭർത്താവ് ഗൾഫിൽ ജോലി ചെയ്യുന്നതിനാൽ യുവതിയും മക്കളും അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ മകളെ കാണാതായതിനെ തുടർന്ന് ആശങ്കയിലായ അമ്മ, ചട്ടഞ്ചാലിലെ മേൽപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ ലാൻഡ് ഫോണിലേക്ക് വിളിച്ച് കരഞ്ഞുകൊണ്ട് സഹായം അഭ്യർഥിച്ചു.
മകൾ ആത്മഹത്യയ്ക്ക് ശ്രമിക്കുമെന്ന ഭയമാണ് അമ്മ പൊലീസിനോട് പങ്കുവച്ചത്. സ്റ്റേഷനിൽ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ ടി. രാജേഷാണ് ഫോൺ കോളിന് മറുപടി നൽകിയത്.
യുവതിയുടെ മൊബൈൽ നമ്പർ ശേഖരിച്ച അദ്ദേഹം ഉടൻ തന്നെ ഇൻസ്പെക്ടർ എൻ. പി. രാഘവനെ വിവരം അറിയിച്ചു.
തുടർന്ന് എസ്‌ഐ വി. കെ. അനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ടി. രാജേഷ്, ഹരീഷ് കടവത്ത്, ഡ്രൈവർ സിപിഒ ജയിംസ് എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ച് യുവതിയെ കണ്ടെത്താൻ അടിയന്തര നിർദേശം നൽകി.
അമ്മ നൽകിയ നമ്പറിലേക്ക് പലതവണ വിളിച്ചെങ്കിലും യുവതി ആദ്യം ഫോൺ എടുക്കാൻ തയ്യാറായില്ല. ഇതോടെ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ ലൊക്കേഷൻ പരിശോധിക്കാൻ തുടങ്ങി.
കുറച്ച് സമയത്തിന് ശേഷം യുവതി ഫോൺ എടുത്തെങ്കിലും മറുപടിയായി കരച്ചിൽ മാത്രമാണ് കേട്ടത്. എവിടെയാണുള്ളതെന്ന് വ്യക്തമാക്കാൻ യുവതി തയ്യാറായിരുന്നില്ല.
പോലീസ് നിരന്തരമായി അഭ്യർഥിച്ചതിനെ തുടർന്ന് ഇടുവുങ്കാലിൽ ഓട്ടോയിൽ ഇറങ്ങിയതായി യുവതി പറഞ്ഞു. എന്നാൽ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ചാത്തങ്കൈ പ്രദേശമാണ് കാണിച്ചത്.
യുവതി തെറ്റായ വിവരം നൽകുകയാണെന്ന് മനസ്സിലാക്കിയ പൊലീസ് ഫോൺ സംഭാഷണം വിച്ഛേദിക്കാതെ തന്നെ ജീപ്പിൽ ചാത്തങ്കൈ ഭാഗത്തേക്ക് കുതിച്ചു.
റെയിൽവേ പാളത്തിനരികെ നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ സമീപത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന യുവതിയെ ഉച്ചയ്ക്ക് 1.05 ഓടെ കണ്ടെത്തി.
തീവണ്ടി വരുന്നത് കാത്ത് ചാടാനായിരുന്നു തീരുമാനം എന്ന് യുവതി ചോദ്യം ചെയ്യലിൽ പറഞ്ഞു. പൊലീസ് സമാധാനിപ്പിച്ച ശേഷം യുവതിയെ മേൽപ്പറമ്പ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. വിവരം അറിഞ്ഞ് അമ്മയും ബന്ധുക്കളും സ്റ്റേഷനിലെത്തി.
മകളെ ജീവനോടെ കണ്ടതോടെ അമ്മ വികാരാധീനയായി പൊട്ടിക്കരഞ്ഞു. രണ്ട് കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് പോകാൻ എങ്ങനെ മനസ്സുവന്നുവെന്ന അമ്മയുടെ ചോദ്യം എല്ലാവരെയും കണ്ണീരിലാഴ്ത്തി.
പൊലീസ് കൗൺസലിംഗിന് ശേഷം യുവതി അമ്മയോടൊപ്പം വീട്ടിലേക്ക് മടങ്ങി. ഒരുജീവൻ രക്ഷിച്ചതിന്റെ ചാരിതാർഥ്യവും ആശ്വാസവും പൊലീസുകാർക്ക് വലിയ സംതൃപ്തിയായിരുന്നു.









