ട്രംപിന്റെ അധികത്തീരുവ മലഞ്ചരക്ക് വിപണിയെ ബാധിക്കുമോ….? അറിയാം പ്രചാരണത്തിന് പിന്നിലെ സത്യാവസ്ഥ:
യുഎസ് ഇന്ത്യക്ക് ഏർപ്പെടുത്തിയ അധികത്തീരുവ മലഞ്ചരക്ക് വിപണിയിലും പ്രതിഭലിക്കുമെന്ന് ഭീതി ഇടക്കാലത്ത് പരക്കെ നിലവിലുണ്ടായിരുന്നു.
മലഞ്ചരക്ക് ഉപോത്പന്നങ്ങൾ നിലവിൽ ഇന്ത്യയിൽ നിന്നും യുഎസ് ലേയ്ക്ക് കയറ്റുമതിയുള്ളതാണ് അധികത്തീരുവ മലഞ്ചരക്ക് വിപണിയ്ക്ക് ഭീഷണിയാകുമെന്ന പ്രചരണത്തിന് പിന്നിൽ.
എന്നാൽ അധികത്തീരുവ നിലവിൽ വന്നശേഷം ഏലം , കുരുമുളക് വിലകളിൽ കുറവ് വന്നിട്ടില്ല. ഇന്ത്യയിൽ നിന്നുള്ള ഏലക്ക അധികവും പശ്ചിമേഷ്യയിലേക്കും , യുഎഇ , സൗദി തുടങ്ങിയ രാജ്യങ്ങളിലേക്കുമാണ് കയറിപ്പോകുന്നത്.
കീടനാശിനി ഉപയോഗത്തെ തുടർന്ന് ഇടക്കാലത്ത് ഇവിടങ്ങളിലേക്കുള്ള കയറ്റുമതി കുറഞ്ഞത് വിലത്തകർച്ചയ്ക്ക് കാരണമായിരുന്നു.
ഏലം, കുരുമുളക് ഉപോത്പന്നങ്ങൾ യുഎസ് ലേയ്ക്ക് കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും അധികത്തീരുവ ഭീഷണിയാണെന്ന് ഉത്പാദകർ ഇതുവരെ അവകാശപ്പെട്ടിട്ടില്ല.
സ്പൈസസ് ബോർഡ് അധികൃതർക്കും അധികത്തീരുവ കയറ്റുമതിയെ ബാധിക്കുന്നതായി സൂചനയൊന്നുമില്ല.
മൂന്നു മാസത്തോളമായി ഇടുക്കിയിൽ ഏലത്തിനും കുരുമുളകിനും മികച്ച വിലയാണ് ലഭിക്കുന്നത്.
പ്രാദേശിക കമ്പോളങ്ങളിൽ ശരാശരി 2500 രൂപവരെ ഏലക്കയ്ക്ക് വില ലഭിക്കുന്നുണ്ട്. ഓണം കഴിയുന്നത് വരെ വരെ വില ഉയർന്നു നിന്നാൽ വിപണിയ്ക്ക് ഗുണം ചെയ്യുമെന്ന് പ്രാദേശിക വ്യാപാരികളും പറയുന്നു.
2019 ഓഗസ്റ്റ് മൂന്നിനാണ് ഏലത്തിന് റെക്കോഡ് വില ലഭിക്കുന്നത് അന്ന് പുറ്റടി സ്‌പൈസസ് പാർക്കിൽ നടന്ന ഇ-ലേലത്തിൽ കിലോയ്ക്ക് 7000 രൂപ ലഭിച്ചു.
കട്ടപ്പന, അണക്കര കമ്പോളങ്ങളിലും 6000 രൂപയോളം വില ലഭിച്ചിരുന്നു. എന്നാൽ പിന്നീട് വില താഴ്ന്ന് കിലോയ്ക്ക് 900 രൂപയിലേക്ക് കൂപ്പുകുത്തി.