തൃശൂർ: സുരേഷ് ഗോപി വിജയിച്ചതോടെ അദ്ദേഹത്തിൻറെ വാഗ്ദാനങ്ങൾ നടപ്പിലാകുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് വോട്ടർമാർ. സുരേഷ് ഗോപി നൽകിയ പ്രധാന വാഗ്ദാനമായിരുന്നു കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടുമെന്നത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിലും 2024 ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിലും ഇതേ കാര്യം തന്നെ ആയിരുന്നു അദ്ദേഹം പറഞ്ഞത്.
സാങ്കേതിക വശങ്ങളെക്കുറിച്ചൊന്നും പറഞ്ഞില്ലെങ്കിലും ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടുമെന്ന് ആണ് അദ്ദേഹം പറഞ്ഞിരുന്നത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മാത്രമായിരുന്നില്ല, കൊച്ചി മെട്രോ സർവീസ് ദീർഘിപ്പിക്കുന്നതിനെക്കുറിച്ച് സുരേഷ് ഗോപി സംസാരിച്ചിരുന്നത്.
2019ലും അദ്ദേഹം ഇതേ വാഗ്ദാനം തൃശൂരുകാർക്ക് നൽകിയിരുന്നു. 2019 ഏപ്രിൽ 10ന് ഫേസ്ബുക്കിലും സുരേഷ് ഗോപി ഈ വാഗ്ദാനം പങ്കുവെച്ചിരുന്നു. പോസ്റ്റർ സഹിതമായിരുന്നു ആ കുറിപ്പ്. ‘ചെയ്യും എന്നത് വെറുംവാക്കല്ല, ചെയ്തിരിക്കും!’ എന്ന വാക്കുകളോടെയായിരുന്നു പോസ്റ്റർ.
കേരളത്തിൽ നിന്ന് ഒരു എംപിയെ വിജയിപ്പിച്ചാൽ കേന്ദ്ര മന്ത്രിസ്ഥാനം ഉറപ്പാണെന്ന് ബിജെപി നേതൃത്വം പലതവണ പറഞ്ഞിട്ടുണ്ട്. തൃശൂരിനൊരു കേന്ദ്ര മന്ത്രിയെന്ന പ്രചാരണവും ബിജെപി നടത്തിയിരുന്നു. അതുകൊണ്ട് തന്നെ സുരേഷ് ഗോപി ഇത്തവണ കേന്ദ്രമന്ത്രിയാകാനുള്ള സാധ്യത കൂടുതലാണ്. കേന്ദ്രമന്ത്രിയായി സുരേഷ് ഗോപിയെത്തുമ്പോൾ തങ്ങൾക്ക് വാഗ്ദാനം ചെയ്ത മെട്രോയും വരുമോയെന്ന കാത്തിരിപ്പിലാണ് തൃശൂരുകാർ.
കൊച്ചിയെ പോലെ തന്നെ ഗതാഗതക്കുരുക്ക് നേരിടുന്ന ഒരു പ്രധാന നഗരമാണ് തൃശ്ശൂരും. മെട്രോ മാൻ ഇ ശ്രീധരനെ തിരികെ കൊണ്ടുവന്നാൽ കൊച്ചി മെട്രോ പാലക്കാടുവരെയല്ല, കോയമ്പത്തൂർ വരെ നീട്ടാമെന്നുൾപ്പെടെയുള്ള കാര്യങ്ങളും പ്രചാരണത്തിനിടയിൽ അദ്ദേഹം പറഞ്ഞിരുന്നു.
മെട്രോയ്ക്ക് പുറമെ ശക്തൻ മാർക്കറ്റ് ആധുനിക വത്കരണം, നോളേജ് സിറ്റി, ഗുരുവായൂർ – തിരൂർ റെയിൽപാത ഇരട്ടിപ്പിക്കൽ, ഷൊർണൂർ – നഞ്ചങ്കോട്ടേ റെയിൽപ്പാത തുടങ്ങിയ വാഗ്ദാനങ്ങളും തൃശൂരുകാർക്ക് സുരേഷ് ഗോപി നൽകിയിരുന്നു.