കല്‍പ്പറ്റ: കാട്ടാനയാക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ബുധനാഴ്ച ഹര്‍ത്താൽ പ്രഖ്യാപിച്ചു. കര്‍ഷക സംഘടനയായ ഫാര്‍മേഴ്സ് റിലീഫ് ഫോറം (എഫ്ആര്‍എഫ്), തൃണമൂല്‍ കോണ്‍ഗ്രസ് എന്നി സംഘടനകള്‍ ആണ് ഹർത്താൽ പ്രഖ്യാപിച്ചത്. എന്നാൽ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ബസുടമകളും വ്യാപാരികളും അറിയിച്ചു.
കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നുവെങ്കിലും ബസ് നിര്‍ത്തിവെച്ചു കൊണ്ടുള്ള ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി രജ്ഞിത്ത് രാം മുരളീധരന്‍ വ്യക്തമാക്കി. നികുതി അടക്കേണ്ട സമയത്ത് ബസ് നിര്‍ത്തി വെച്ച് കൊണ്ടുള്ള സമരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല. സര്‍വീസ് നാളെ സുഗമമായി നടത്താന്‍ ജില്ലാ ഭരണകൂടം സൗകര്യം ഒരുക്കണമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.