കോഴിക്കോട്: നീണ്ട പരിശ്രമത്തിനൊടുവിൽ പേരാമ്പ്രയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയെ കാടുകയറ്റി. വനം വകുപ്പു ഉദ്യോഗസ്ഥരുടെ 10 മണിക്കൂറില്‍ അധികം നീണ്ട പരിശ്രമത്തിനൊടുവിലാണ് കാട്ടാനയെ കാട്ടിലേക്ക് ഓടിക്കാനായത് . ഇന്ന് പുലര്‍ച്ചെ പ്രദേശവാസികളാണ് കാട്ടാനയെ കണ്ടത്.(wild elephant spotted at perambra)
പ്രഭാത സവാരിക്കായി ഇറങ്ങിയവര്‍ അപ്രതീക്ഷിതമായി ആനയെ കാണുകയായിരുന്നു. പുലര്‍ച്ചെ 2 മണിയോടെപന്തിരിക്കര ഭാഗത്തും 5 മണിയോടെ പേരാമ്പ്ര പൈതോത്ത് പള്ളിതാഴെ ഭാഗത്തുമാണ് കാട്ടാനയെ കണ്ടത്. വീട്ടുമുറ്റത്ത് എത്തിയ ആന ജനങ്ങള്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ഇവിടെ നിന്ന് നീങ്ങി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പെരുവണ്ണാമൂഴിയില്‍ നിന്ന് വനപാലകരും പേരാമ്പ്ര പൊലീസും സ്ഥലത്തെത്തി ആനയെ കാട് കയറ്റുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.
പെരുവന്നാമുഴി വന മേഖലയില്‍ നിന്നും വന്ന മോഴ ആന, പിള്ള പെരുവണ്ണ , ആവടുക്ക വഴിയാണ് പേരാമ്പ്രയിലെത്തിയത്. പിന്നീട് ജനവാസ മേഖലയിലൂടെ കറങ്ങി നടന്ന ആനയെ കോഴിക്കോട് ജില്ലയില്‍ നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് കാട് കയറ്റിയത്. കാട്ടിലേക്കുള്ള വഴി മധ്യേ ജനവാസ മേഖലയിലെ നിരവധി കൃഷിയിടങ്ങളും വാഴകളും ആന നശിപ്പിച്ചു. പേരാമ്പ്ര ബൈപ്പാസിലൂടെ ഉള്‍പ്പെടെ ആന കടന്ന് പോകുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.