പാലക്കാട്: ട്രെയിൻ ഇടിച്ച് ഗുരുതര പരിക്കേറ്റ പിടിയാന ചരിഞ്ഞു. വൈകിട്ട് അഞ്ചുമണിക്കാണു മരണം സ്ഥിരീകരിച്ചത്. അപകടത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്നു ആന. കൊട്ടേക്കാട് റെയിൽവേ സ്റ്റേഷനു സമീപം റെയിൽ പാളം കടക്കുന്നതിനിടെയാണ് പിടിയാനയെ ട്രെയിൻ തട്ടിയത്.
അപകടത്തിൽ പിൻകാലുകൾക്കു പരിക്കേറ്റതു മൂലം പൂർണമായി ചലന ശേഷി നഷ്ടപ്പെടുകയും എഴുന്നേൽക്കാൻ സാധിക്കാത്ത അവസ്ഥയിലുമായിരുന്നു ആന. ഇടിയുടെ ആഘാതത്തിൽ ആന്തരികാവയവങ്ങൾക്ക് പരുക്കേറ്റതായും വനംവകുപ്പ് ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു.
ബുധനാഴ്ച്ചയാണ് 25 വയസുള്ള പിടിയാനയെ ട്രെയിൻ ഇടിച്ചത്. രാത്രിയിൽ കുടിവെളളം തേടി ജനവാസമേഖലയിൽ ഇറങ്ങിയ ആനക്കൂട്ടം പുലർച്ചെ റെയിൽ പാളം കടന്നു വനത്തിലേക്കു പോവുമ്പോൾ കൂട്ടത്തിൽ ഏറ്റവും പിന്നിലുണ്ടായിരുന്ന പിടിയാനയെ ട്രെയിൻ തട്ടുകയായിരുന്നു എന്നാണ് വിവരം.
കാട്ടാനയെ ഇടിച്ച ട്രെയിനിന്റെ ലോക്കോ പൈലറ്റിനു വീഴ്ച്ചയുണ്ടായോയെന്ന് പരിശോധിക്കാൻ വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ അന്വേഷണത്തിനു നിർദ്ദേശം നൽകിയിട്ടുണ്ട്. മുന്നറിയിപ്പ് ഉള്ളതിനാൽ ചരക്ക് ട്രെയിൻ വേഗം കുറച്ചെന്നാണ് പ്രാഥമിക വിവരമെങ്കിലും കൂടുതൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കും.
Read Also: നടൻ സായാജി ഷിൻഡേ ആശുപത്രിയിൽ