തൃശൂർ: അതിരപ്പിള്ളിയിൽ വനപാലകര്‍ സഞ്ചരിച്ച ജീപ്പ് കുത്തിമറിച്ചിട്ട് കാട്ടാന. ആക്രമണത്തിൽ രണ്ട് വനപാലകർക്ക് പരിക്കേറ്റു. അതിരപ്പിള്ളി കണ്ണംകുഴിയിലാണ് സംഭവം.(Wild elephant attack on forest guard’s jeep; Two officials were injured)
ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ റിയാസ്, വാച്ചര്‍ ഷാജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാര്‍പ്പ റേഞ്ചിലെ കണ്ണംകുഴി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ജീപ്പിന് നേരെയാണ് കാട്ടാനയുടെ ആക്രമണം നടന്നത്. ആറ് വനപാലകരാണ് സംഭവ സമയത്ത് ജീപ്പിലുണ്ടായിരുന്നത്.
ഉൾക്കാട്ടിലെ പരിശോധനയുടെ ഭാഗമായി മൂന്ന് ദിവസമായി ഉദ്യോഗസ്ഥർ വനത്തിനുള്ളിലായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ വെള്ളിയാഴ്ച തിരികെ വരുന്ന വഴി കണ്ണംകുഴിക്ക് സമീപം വടാപ്പാറയില്‍ വച്ചാണ് കാട്ടാന ജീപ്പിനു നേരെ പാഞ്ഞടുത്തത്. തുടര്‍ന്ന് ജീപ്പിന്റെ മുന്‍ഭാഗത്ത് കുത്തി മറിച്ചിടുകയും ചെയ്തു.
ഈ സമയം റിയാസും, ഷാജുവും പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ആനയെ കണ്ട് ജീപ്പിനകത്തുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. കുറെ നേരം മേഖലയിൽ തമ്പടിച്ച ആന പിന്നീട് വനത്തിലേക്ക് കയറിപ്പോയി. സംഭവം അറിഞ്ഞ് കണ്ണംകുഴി ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നും എത്തിയ വനപാലകരാണ് പരിക്കേറ്റവരെ രക്ഷപ്പെടുത്തിയത്.