റായ്പൂർ: വൈ ദിസ് കൊലവെറി ഡി സർക്കാർ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിനുള്ളിൽനിന്നും വീഡിയോ പകർത്തി റീൽസ് ആക്കി സമൂഹമാധ്യമത്തിൽ പങ്കിട്ടതിന് മൂന്ന് നഴ്സുമാരെ പിരിച്ചുവിട്ടു. വൈ ദിസ് കൊലവെറി ഡി അടക്കം ഗാനങ്ങൾക്കൊപ്പം സർജിക്കൽ ഉപകരണങ്ങൾ കൈയിലെടുത്ത് ഡാൻസ് ചെയ്യുന്നതായിരുന്നു റീൽസ്. ദിവസ വേതനക്കാരായ പുഷ്പ സഹു, തൃപ്തി ദസർ, തേജ് കുമാരി എന്നിവരെയാണ് പിരിച്ചുവിട്ടത്. മൂവർക്കുമെതിരെ പരാതി ലഭിച്ചതോടെയാണ് നടപടിയെടുത്തതെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഹേമന്ദ് ശർമ അറിയിച്ചു.
ഛത്തീസ്ഗഢിലെ റായ്പൂരിലെ സർക്കാർ ആശുപത്രിയിലെ നഴ്സുമാർക്കെതിരെയാണ് നടപടിയെടുത്തത്.
ഫെബ്രുവരി അഞ്ചിനാണ് മൂവും ഓപ്പറേഷൻ തിയറ്ററിനുള്ളിൽ വെച്ച് റീൽസ് ഷൂട്ട് ചെയ്തത്. അസിസ്റ്റൻറ് നഴ്സിങ് സൂപ്രണ്ട് പരാതി ഉന്നതാധികാരികളെ അറിയിക്കുകയായിരുന്നു. തിയറ്ററിന് അകത്ത് വെച്ച് ചിത്രം എടുക്കുകയും വീഡിയോ ഷൂട്ട് ചെയ്യുകയുമായിരുന്നു. ഷൂസും ചെരിപ്പുകളും ഇവർ ധരിച്ചിരുന്നു. മാത്രമല്ല, ഇവരുടെ പ്രവൃത്തി വിലക്കിയ വാർഡ് ഇൻചാർജിനോട് മോശമായി പെരുമാറുകയും ചെയ്തിരുന്നു -ഡെപ്യൂട്ടി സൂപ്രണ്ട് പറഞ്ഞു.