കോഴിക്കോട്: ചികിത്സാപ്പിഴവ് മൂലം ഗുരുതരാവസ്ഥയിലെന്ന് പരാതിയുയർന്ന നവജാത ശിശു മരിച്ചു. താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ് സംഭവം. പുതുപ്പാടി ഗിരീഷ് ബിന്ദു ദമ്പതികളുടെ നാലുമാസം പ്രായമായ കുഞ്ഞാണ് മരിച്ചത്. പതിനേഴു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഗിരീഷ് ബിന്ദു ദമ്പതികൾക്ക് കുഞ്ഞ് ജനിച്ചത്. പ്രസവ സമയത്ത് ശ്വാസം കിട്ടാതെ മസ്തിഷ്ക ക്ഷതം സംഭവിച്ച് അബോധാവസ്ഥയിലാകുകയായിരുന്നു, കുഞ്ഞ് കഴിഞ്ഞ 4 മാസമായി വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സ്ഥിരീകരിച്ചത്.
പ്രസവവേദനയെത്തുടർന്ന് കഴിഞ്ഞ ഡിസംബർ 4നാണ് ബിന്ദു താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിയത്. ആ സമയത്ത് ഡോക്ടർ ഉണ്ടായിരുന്നില്ല. ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല എന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കുഞ്ഞ് പുറത്തുവരുന്ന ലക്ഷണം കണ്ടതോടെ അടിപ്പാവാട വലിച്ചു മുറുക്കി കെട്ടി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയക്കുകയായിരുന്നു. ശസ്ത്രക്രിയ വേണമെന്ന് പറഞ്ഞെങ്കിലും ബിന്ദു പ്രസവിച്ചു. പിന്നീട് തലച്ചോറിന് ക്ഷതമേറ്റ കുഞ്ഞ് ചികിത്സയിൽ കഴിയുകയായിരുന്നു. ഡിഎംഒക്ക് പരാതി നൽകിയിട്ടും ഫലമില്ലാതെ വന്നതോടെ പൊലീസിനെ സമീപിച്ചതിനിടെയാണ് കുഞ്ഞിന്റെ മരണം. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സമരം ചെയ്യുമെന്ന് അമ്മ ബിന്ദു വ്യക്തമാക്കി.









