ആലപ്പുഴ: ഓടുന്ന കാറിൽ നീന്തൽക്കുളം ഒരുക്കിയ വ്ളോഗർ സഞ്ജു ടെക്കിയുടെ ശിക്ഷാ നടപടി തുടങ്ങി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്നദ്ധ സേവനത്തിലാണ് സഞ്ജു. മോട്ടോർ വാഹന വകുപ്പിന്റെ ശിക്ഷ നടപടികളുടെ ഭാഗമായാണ് സന്നദ്ധസേവനം.What is your sanju techie doing now?
15 ദിവസം സേവനം ചെയ്യാനാണ് എൻഫോഴ്സ്മെന്റ് ആർടിഒ ആർ.രമണൻ നിർദേശം നൽകിയത്.ശിക്ഷാ നടപടികളുടെ ഭാഗമായി മലപ്പുറം എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിംഗ് ആൻഡ് റിസേർച്ചിൽ സഞ്ജു പരിശീലനവും പൂർത്തിയാക്കിയിരുന്നു.
കഴിഞ്ഞ ദിവസം സഞ്ജു എൻഫോഴ്സ്മെന്റ് ആർടിഒ മുൻപാകെ ഹാജരായെങ്കിലും മോട്ടർ വാഹന വകുപ്പ് നൽകിയ നോട്ടീസിന് മറുപടി നൽകിയിരുന്നില്ല.
സഞ്ജു സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച വീഡിയോകളിൽ നിയമലംഘനങ്ങൾ ഉണ്ടെന്നും അതിൽ വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു നോട്ടീസ് നൽകിയത്.
എന്നാൽ തനിക്ക് അഭിഭാഷകന്റെ സഹായം വേണമെന്നും കൂടുതൽ സമയം അനുവദിക്കണമെന്നും സഞ്ജു ആർടിഒയെ അറിയിച്ചു. ഇതോടെ നാളെ വരെ സമയം നൽകിയിരിക്കുകയാണ്.
തുടർച്ചയായി നിയമലംഘനം നടത്തുന്നതിനാൽ സഞ്ജുവിന്റെ ലൈസൻസ് റദ്ദാക്കാനാണ് മോട്ടോർ വാഹനവകുപ്പിന്റെ നീക്കം. നിരന്തരമായി മോട്ടോര്‍ വാഹന നിയമലംഘനം നടത്തുന്ന ആളാണ് സഞ്ജു ടെക്കി എന്ന റിപ്പോര്‍ട്ട് മോട്ടോര്‍ വാഹന വകുപ്പ് ഹൈക്കോടതിക്ക് നൽകിയിരുന്നു.
നടപടിയെടുത്തതിനെ തുടര്‍ന്ന് എംവിഡിയെയും മാദ്ധ്യമങ്ങളെയും പരിഹസിച്ച് സഞ്ജു ടെക്കി യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഹൈക്കോടതി എംവിഡിയോട് റിപ്പോര്‍ട്ടും ആവശ്യപ്പെട്ടത്.
പ്രായപൂർത്തിയാകാത്ത കുട്ടിയെക്കൊണ്ട് വാഹനം ഓടിപ്പിച്ചതിന് ഇയാൾക്കെതിരെ നിലവിൽ കേസുണ്ട്.
160 കിലോ മീറ്റര്‍ വേഗത്തില്‍ ഡ്രൈവിംഗ്, മൊബൈലില്‍ ഷൂട്ട് ചെയ്തുള്ള ഡ്രൈവിംഗ്, ആഡംബര വാഹനങ്ങള്‍ രൂപമാറ്റം വരുത്തി നിരത്തിലിറക്കി എന്നിങ്ങനെ നിരവധി നിയമലംഘനങ്ങൾ നടത്തിയിട്ടുണ്ട്. തുടര്‍ന്ന് കാരണം കാണിക്കല്‍ നോട്ടീസ് എം വി ഡി സഞ്ജു ടെക്കിക്ക് കൈമാറി. വിശദീകരണം നല്‍കാന്‍ ഏഴുദിവസം സമയം അനുവദിച്ചിട്ടുണ്ട്.