ചർമത്തിൽ ചിത്രപ്പണി നടത്തുന്ന അപൂർവ രോഗം; ഡെർമറ്റോഗ്രാഫിസത്തെ പറ്റി കൂടുതൽ അറിയാം
ചര്‍മ്മത്തില്‍ അമര്‍ത്തിയാല്‍ വരകളായും ചിത്രങ്ങളായും തെളിഞ്ഞുവരുന്ന അപൂര്‍വമായ ഒരു അവസ്ഥയെക്കുറിച്ച് അറിയാമോ?
കൈകൊണ്ട് അല്പം അമര്‍ത്തിയാലോ, പേരെഴുതിയാലോ, രൂപം വരച്ചാലോ അത് ചുവന്നും തിണര്‍ത്തും ദൃശ്യമാകുന്ന അവസ്ഥയാണ് ഡെർമറ്റോഗ്രാഫിയ.
നേരിയ ചൊറിച്ചിലിനൊപ്പം വരകളായി പാടുകള്‍ രൂപപ്പെടുകയും പിന്നീട് അവ സ്വയം അപ്രത്യക്ഷമാകുകയും ചെയ്യും. സാധാരണയായി ഈ പാടുകള്‍ 30 മിനിറ്റിനുള്ളിൽ മായും.
ഡെർമറ്റോഗ്രാഫിയയെ ഡെർമറ്റോഗ്രാഫിസം അല്ലെങ്കിൽ സ്കിൻ റൈറ്റിങ് എന്നും വിളിക്കുന്നു.
ഈ അവസ്ഥയ്ക്ക് കൃത്യമായ കാരണം കണ്ടെത്തിയിട്ടില്ല. എങ്കിലും അണുബാധ, മാനസിക സമ്മർദ്ദം, ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ എന്നിവ ഡെർമറ്റോഗ്രാഫിയയ്ക്ക് കാരണമാകാം.
പൊതുവെ ഇത് അപകടകാരിയായ രോഗമല്ല. മിക്കവർക്കും പ്രത്യേക ചികിത്സ ആവശ്യമില്ല.
എന്നാൽ കടുത്ത ചൊറിച്ചിലോ അസ്വസ്ഥതയോ ഉണ്ടാകുന്ന സാഹചര്യത്തിൽ ഡോക്ടറുടെ നിർദേശപ്രകാരം ആന്റിഹിസ്റ്റാമിൻ മരുന്നുകൾ ഉപയോഗിക്കാം.
ഡെർമറ്റോഗ്രാഫിയയുടെ ലക്ഷണങ്ങൾ
ചർമ്മത്തിൽ ഉരസുകയോ മാന്തുകയോ ചെയ്താൽ ഏതാനും മിനിറ്റുകൾക്കുള്ളിൽ വീർത്ത വരകളോ തടിപ്പോ പ്രത്യക്ഷപ്പെടും.
സാധാരണയായി ഇവ അരമണിക്കൂറിനുള്ളിൽ മാറുമെങ്കിലും, ചിലരിൽ മണിക്കൂറുകളോ ദിവസങ്ങളോ നീണ്ടുനിൽക്കാം. അപൂർവമായി മാസങ്ങളോളം പോലും ഈ അവസ്ഥ തുടരാം.
കട്ടിയുള്ള വസ്ത്രങ്ങൾ, ബെഡ്ഷീറ്റുകളുടെ ഉരസം, അണുബാധ, വൈകാരിക സമ്മർദ്ദം, വൈബ്രേഷൻ, ജലദോഷം, ചില മരുന്നുകൾ എന്നിവ ഈ അവസ്ഥയെ ഉത്തേജിപ്പിക്കാം.
ഏത് പ്രായത്തിലും ഡെർമറ്റോഗ്രാഫിയ ഉണ്ടാകാമെങ്കിലും, കൗമാരക്കാരിലും യുവാക്കളിലും ഇത് കൂടുതലായി കാണപ്പെടുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചർമ്മത്തെ എപ്പോഴും മൃദുവായി കൈകാര്യം ചെയ്യണം. വീര്യം കുറഞ്ഞ സോപ്പോ ക്ലെൻസറോ ഉപയോഗിക്കുക.
ചൊറിച്ചിൽ ഉണ്ടാകാത്ത മൃദുവായ തുണിയിലുള്ള വസ്ത്രങ്ങൾ ധരിക്കുക. കുളിക്കുമ്പോൾ അതിയായി ചൂടുള്ള വെള്ളം ഒഴിവാക്കണം.
ചർമ്മം ചൊറിയുന്നത് ഒഴിവാക്കി, ദിവസവും മോയ്ചറൈസിങ് ക്രീമുകളോ ലോഷനുകളോ ഉപയോഗിച്ച് ചർമ്മം ഈർപ്പമുള്ളതാക്കി നിലനിർത്തുന്നതും ഏറെ സഹായകരമാണ്.
English Summary
Dermatographia is a rare skin condition in which light pressure, scratching, or writing on the skin causes raised red lines or patterns to appear temporarily. Also known as dermatographism or “skin writing,” the marks usually fade within 30 minutes. The exact cause is unknown, but infections, emotional stress, or medication side effects may trigger it. The condition is generally harmless and does not require treatment unless itching or discomfort occurs, in which case antihistamines may help.
what-is-dermatographia-skin-writing-condition
Dermatographia, Skin Writing, Skin Disorders, Health Awareness, Rare Diseases, Dermatology, Skin Care









