ഒരു ലിറ്റർ കള്ളിന് 100 രൂപയാണ് കിട്ടുന്നത്. ചെത്തുന്ന തെങ്ങിന് 500 രൂപ വാടക നൽകണം. എല്ലാം കഴിഞ്ഞ് കുടുംബം മുന്നോട്ട് പോകാനുള്ള പണം മിച്ചം കിട്ടാറുണ്ട്. പറയുന്നത് മറ്റാരുമല്ല കേരളത്തിലെ ആദ്യത്തെ സ്‌ത്രീ ചെത്തുതൊഴിലാളിയായ ഷീജയാണ്. 2019ലെ ഒരു ബൈക്ക് അപകടത്തിൽ ഭർത്താവിന് ഗുരുതരമായി പരിക്കുപറ്റി. പിന്നീട് ഒരുവർഷത്തോളം ഭർത്താവ് ജയകുമാർ ചികിത്സയിലായിരുന്നു. ജീവിതവരുമാനം നിലച്ചതോടെയാണ് ഭർത്താവ് ചെയ്‌തിരുന്ന കള്ളുച്ചെത്ത് എന്ന തൊഴിൽ ഷീജ ഏറ്റെടുത്തത്.
ഭർത്താവും കള്ള് ചെത്തുന്നുണ്ട്. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് കള്ള് ചെത്തുന്നത്. ഈ ജോലിക്ക് അവധിയില്ലെന്ന് ഷീജ പറയുന്നു. പുലർച്ചെ നാല് മണിക്ക് എഴുന്നേറ്റ് വീട്ടിലെ എല്ലാ ജോലികളും കഴിഞ്ഞാണ് ഷീജ ചെത്താനിറങ്ങുന്നത്.
ജയകുമാർ തന്നെയായിരുന്നു ഷീജയുടെ ഗുരു. വലിയ ഉയരമില്ലാത്ത ചെറിയ തെങ്ങുകളിൽ കയറി പഠിച്ചു. ഉയരമുള്ള തെങ്ങിൽ കയറുന്നതിന്റെ എല്ലാ ബുദ്ധിമുട്ടുകളും ഷീജ തരണം ചെയ്തു. തുടക്കത്തിൽ തലകറക്കവും ച്ഛർദ്ദിയുമെല്ലാം അനുഭവിച്ചെങ്കിലും കുടുംബത്തെയോർത്ത് അന്നത്തെ 34കാരി എല്ലാത്തിനോടും പോരാടി. ഇന്ന് കണ്ണൂരിലെ കണ്ണവം ഷാപ്പിലെ സ്ഥിരം ചെത്തുതൊഴിലാളിയാണ് ഷീജ. 2019ൽ തന്നെ കള്ളുചെത്തിന് ലൈസൻസും ലഭിച്ചു.
പുരുഷൻമാർ അടക്കിവാണിരുന്ന മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച ഷീജയെ തേടി ധാരാളം പുരസ്‌കാരങ്ങളും എത്തി. ജ്വാല പുരസ്‌കാരം, നാട്ടിലെ നിരവധി ക്ലബുകളുടെയും സംഘടനകളുടെയും പുരസ്‌കാരം എന്നിവ ഷീജയ്ക്ക് ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിലും വിവിധ ചാനൽ പരിപാടികളിലും സർക്കാരിന്റെ പരിപാടികളിലും ഷീജ അതിഥിയായെത്തിയിട്ടുണ്ട്. പ്ളസ് ടു വിദ്യാർത്ഥിയായ മകൻ വിഷ്ണുവും ഒൻപതാം ക്ളാസ് വിദ്യാർത്ഥിനിയായ മകൾ വിസ്മയയും അമ്മയ്ക്ക് പൂർണ പിന്തുണയുമായി ഒപ്പമുണ്ട്.
അച്ഛനും അമ്മയും അഞ്ചുമക്കളും അടങ്ങുന്ന വീട്ടിലെ രണ്ടാമത്തെയാളാണ് ഷീജ. വീട്ടിലെ പ്രാരാബ്ധങ്ങൾ കാരണം എട്ടാം ക്ളാസിൽ പഠനം നിർത്തേണ്ടി വന്നു. പിന്നീട് നാട്ടിലെ ക്യാൻസർ ബാധിതയായ പ്രായമായ സ്ത്രീയെ പരിചരിക്കാൻ 13ാം വയസിൽ തൊഴിൽ ചെയ്തു തുടങ്ങി. 21ാം വയസിലായിരുന്നു വിവാഹം. ഭർത്താവും മക്കളുമൊത്ത് സന്തോഷകരമായ ജീവിതം നയിക്കവേയാണ് വില്ലന്റെ രൂപത്തിൽ ബൈക്ക് അപകടം ഉണ്ടായത്. പിന്നീട് കള്ളുച്ചെത്ത് തന്നെ തന്റെ ജീവിതോപാധിയായി ഷീജ സ്വീകരിക്കുകയായിരുന്നു. അഞ്ചാം ക്ളാസിലും എട്ടാം ക്ളാസിലും പഠിക്കുന്ന മക്കളെ വീട്ടിലാക്കിയാണ് ഷീജ ചെത്തിലേയ്ക്ക് ഇറങ്ങിയത്.
തുടക്കത്തിൽ അച്ഛന്റെ എതിർപ്പ് നേരിട്ടിരുന്നു. അമ്മ പിന്തുണച്ചു. പിന്നീട് ഷീജയുടെ വൈദഗ്ദ്ധ്യം കണ്ട് അച്ഛനും മകളെ പിന്തുണയ്ക്കാൻ തുടങ്ങി. നാട്ടുകാർ എന്ത് പറയുമെന്ന് കരുതി ആദ്യമൊക്കെ ആരും കാണാതെയാണ് കള്ള് ചെത്തിയിരുന്നതെന്ന് ഷീജ പറയുന്നു. ഇന്നിപ്പോൾ ഏറെ അഭിമാനത്തോടെയാണ് ഷീജ ഈ തൊഴിൽ ചെയ്യുന്നത്. തന്റെ പാത പിൻതുടർന്ന് കൂടുതൽ സ്ത്രീകൾ കള്ള്ചെത്ത് പഠിക്കാൻ മുന്നോട്ടുവന്നത് സന്തോഷം നൽകുന്നതായി ഇവർ പറഞ്ഞു.