വിള ഇൻഷുറൻസ് : പദ്ധതിയിൽ ചേരാൻ ഇന്നുകൂടി അവസരം
തിരുവനന്തപുരം: കാലാവസ്ഥാ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതിനുള്ള അവസാന തീയതി ഇന്ന്. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന വിളനാശങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നതാണ് പദ്ധതി.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും കർഷകർ അംഗീകൃത ഏജൻസികളെയോ ഔദ്യോഗിക ഓൺലൈൻ പോർട്ടലിനെയോ സമീപിക്കണമെന്ന് കൃഷിവകുപ്പ് അറിയിച്ചു.
കഴിഞ്ഞ പത്ത് വർഷത്തിലേറെയായി സജീവമായിരിക്കുന്ന പദ്ധതിയിലൂടെ കേരളത്തിൽ നെൽകൃഷി ഉൾപ്പെടെ മരച്ചീനി, വാഴ, പച്ചക്കറി തുടങ്ങി ഏകദേശം 30 ഓളം വിളകൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നു.
പേമാരി, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങളാൽ കോടികളുടെ നഷ്ടമുണ്ടാകുന്ന സാഹചര്യത്തിൽ കർഷകർക്ക് വലിയ ആശ്വാസമാണ് ഈ പദ്ധതി.
ഈ സീസണിൽ വിള ഇൻഷുറൻസിൽ ചേരാൻ കാത്തിരിക്കുന്ന ഏകദേശം ഒരു ലക്ഷം കർഷകർ, ചുരുങ്ങിയ സമയത്തിനുള്ളിൽ എൻറോൾ ചെയ്യാൻ കഴിയുമോ എന്ന ആശങ്കയിലാണ്. അവസരം നഷ്ടപ്പെടുമോ എന്ന ഭയം കർഷകർക്കിടയിൽ വ്യാപകമാണ്.
സബ്സിഡി മുടങ്ങിയത് തിരിച്ചടിയായി
സംസ്ഥാന സർക്കാർ നൽകേണ്ട സബ്സിഡി തുക മുടങ്ങിയതാണു നിലവിലെ പ്രതിസന്ധിക്ക് കാരണം എന്നാണ് സൂചന. കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ച് പോർട്ടൽ തുറന്ന് രജിസ്ട്രേഷൻ അവസരം ഒരുക്കുമെന്ന് പദ്ധതി നടപ്പാക്കുന്ന അഗ്രികൾച്ചറൽ ഇൻഷുറൻസ് കമ്പനി അറിയിച്ചിരുന്നു.
രണ്ട് സീസണുകളിലായി നടപ്പാക്കുന്ന ഈ ഇൻഷുറൻസ് പദ്ധതിയിൽ പ്രീമിയത്തിന്റെ 75 ശതമാനവും കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ സബ്സിഡിയാണ്. അതിനാൽ തന്നെ കർഷകർക്ക് നാലിലൊന്ന് ചെലവിൽ വിള ഇൻഷുറൻസ് പരിരക്ഷ നേടാൻ കഴിയും.
എന്നാൽ 2023 ലെ ഒന്നാം വിള മുതൽ കഴിഞ്ഞ രണ്ട് വർഷമായി ആറു സീസണുകളിലെ ക്ലെയിം തുക കർഷകർക്ക് ലഭിച്ചിട്ടില്ല. സംസ്ഥാന സർക്കാർ സബ്സിഡി നൽകാത്തതാണിത് വൈകാൻ കാരണമായത്.
നാലിലൊന്ന് ചെലവിൽ പൂർണ പരിരക്ഷ
ഓരോ സീസണിലും ഏകദേശം ഒരു ലക്ഷം കർഷകരാണ് പദ്ധതിയിൽ ചേരുന്നത്. പ്രീമിയത്തിന്റെ 15 ശതമാനം മാത്രം കർഷകർ വഹിക്കുമ്പോൾ ബാക്കി 85 ശതമാനം കേന്ദ്ര–സംസ്ഥാന സർക്കാരുകൾ വഹിക്കുന്നു.
കാലാവസ്ഥ വ്യതിയാനം മൂലമുള്ള വിളനാശങ്ങൾക്ക് പൂർണമായ നഷ്ടപരിഹാരം നൽകുന്നതാണ് പദ്ധതി.
നെൽകൃഷിക്ക് കേരളത്തിൽ വിരിപ്പ്, മുണ്ടകൻ, പുഞ്ച എന്നീ മൂന്ന് സീസണുകളിലാണ് ഇൻഷുറൻസ് നടപ്പാക്കുന്നത്. സാധാരണയായി വിരിപ്പ് ജൂണിലും, മുണ്ടകൻ സെപ്റ്റംബറിലും, പുഞ്ച ഡിസംബറിലുമാണ് എൻറോൾമെന്റ്.
എന്നാൽ ഈ വർഷം വിരിപ്പ് സീസണിലെ എൻറോൾമെന്റ് ജൂലൈയിലാണ് ആരംഭിച്ചത്.
കേന്ദ്ര സർക്കാരിന്റെ പോർട്ടൽ വഴിയാണ് എൻറോൾ ചെയ്യേണ്ടത്. അക്ഷയ കേന്ദ്രങ്ങൾ, അംഗീകൃത ഇൻഷുറൻസ് ബ്രോക്കർമാർ, ഏജന്റുമാർ എന്നിവരിലൂടെ കർഷകർക്ക് പദ്ധതിയിൽ ചേരാം.
എൻറോൾമെന്റ് നഷ്ടപ്പെട്ടാൽ നിരവധി കർഷകർ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാകുമെന്ന് ആശങ്ക ശക്തമാണ്.
English Summary
The deadline to enroll in the Weather-Based Crop Insurance Scheme ends today. The scheme provides compensation for crop losses caused by climate-related factors such as heavy rain and landslides. Active in Kerala for over a decade, it covers paddy and around 30 other crops. Due to delays in state subsidy payments, many farmers fear losing the chance to enroll this season. Under the scheme, farmers pay only 15% of the premium, with the remaining amount subsidized by the central and state governments.
weather-based-crop-insurance-enrolment-deadline-kerala
Crop Insurance, Weather Based Crop Insurance, Kerala Farmers, Agriculture News, Farm Insurance, Kerala Agriculture, Subsidy Issue









